കൊച്ചി: സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വമില്ലെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
വിശ്വാസികള്‍ക്ക് അവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. സഭാ നേതൃത്വം അക്കാര്യങ്ങളില്‍ ഇടപെടാറില്ല. മെത്രാന്‍മാരോ വൈദികരോ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന പതിവില്ലെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
അടുത്ത കാലത്തായി ക്രൈസ്തവ സമൂഹം ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നതായി സൂചനകളുണ്ടല്ലോ എന്ന ചോദ്യത്തിന് ക്രൈസ്തവ സമുദായം മാത്രമല്ല മറ്റ് സമുദായങ്ങളും ചില പ്രത്യേക സാഹചര്യത്തില്‍ അവരുടേതായ നിലപാടുകളില്‍ മാറ്റം വരുത്തിയേക്കാമെന്നും പുതിയ സാധ്യതകള്‍ തേടുന്നത് സ്വോഭാവികമാണന്നും കര്‍ദിനാള്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത് കൂടുതലായും സംഭവിച്ചത്. ഇക്കാര്യത്തില്‍ സഭാ നേതൃത്വം ഇടപെടുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. മാത്രമല്ല ക്രൈസ്തവ സമുദായം രാജ്യത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ ബിജെപി നേതൃത്വത്തെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് ഒരു സര്‍ക്കാരിന്റെയും ഭരണത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് അദേഹം പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങളില്‍ തൃപ്തിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ബിജെപി ഭരണത്തില്‍ രാജ്യത്ത് ക്രൈസ്തവര്‍ അരക്ഷിതരാണെന്ന് പറയാനാവില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മാര്‍ ആലഞ്ചേരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വ പ്രാഗല്‍ഭ്യം കൊണ്ടാണ് വളരാന്‍ ശ്രമിക്കുന്നത്. മോഡിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ വര്‍ധിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.