മ്യാന്മറില്‍ ആഭ്യന്തര യുദ്ധം രൂക്ഷം; ജനക്കൂട്ടത്തിനു നേരെ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ നൂറിലധികം മരണം

മ്യാന്മറില്‍ ആഭ്യന്തര യുദ്ധം രൂക്ഷം; ജനക്കൂട്ടത്തിനു നേരെ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ നൂറിലധികം മരണം

ബാങ്കോക്ക്: മ്യാന്മറില്‍ പട്ടാള ഭരണകൂടത്തെ എതിര്‍ക്കുന്ന മേഖലകളില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സാഗെയ്ങ് മേഖലയിലെ കന്‍ബാലു ടൗണ്‍ഷിപ്പിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ 30 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ആഭ്യന്തര യുദ്ധം രൂക്ഷമായ മ്യാന്മറില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

2021-ല്‍ സൈന്യം അട്ടിമറിയിലൂടെ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് മ്യാന്മറില്‍ ആഭ്യന്തര യുദ്ധം ശക്തമായത്. സൈനിക ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ വ്യോമാക്രമണം പതിവാണ്.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെയാണ് ആക്രമണം നടത്തിയതെന്ന് മ്യാന്മറിലെ സൈനിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. സാഗെയ്ങ് മേഖലയിലെ പാ സി ഗി ഗ്രാമത്തില്‍ പട്ടാള ഭരണകൂടത്തിന് എതിരെ പോരാടുന്ന പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ ഓഫീസ് തുറക്കുന്ന ചടങ്ങിന് നേരെയാണ് ആക്രമണം നടത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനായി വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ഈ സമയം പട്ടാളം ബോംബ് വര്‍ഷിക്കുകയായിരുന്നു.

ആദ്യം ഗ്രാമത്തിന് മുകളില്‍ ബോംബുകള്‍ വര്‍ഷിക്കുകയും പിന്നാലെ ഹെലികോപ്റ്ററില്‍ നിന്ന് വെടിയുതിര്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെട്ടിടങ്ങളും തകര്‍ന്നു.

സാഗെയ്ങ് മേഖലയിലെ ജനങ്ങള്‍ പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിരോധമാണ് നടത്തുന്നത്. ഓങ് സാന്‍ സൂ ചിയെ പുറത്താക്കി 2021 ലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ ആയിരങ്ങളാണ് മരിച്ചത്. പട്ടാളത്തിന്റെ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം കച്ചിന്‍ മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. 14 ലക്ഷം പേരാണ് രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്നത്. 2021 ഫെബ്രുവരിക്കും 2023 ജനുവരിക്കും ഇടയില്‍ 600-ലധികം വ്യോമാക്രമണങ്ങള്‍ മ്യാന്മര്‍ സൈന്യം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.