കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി; മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി പാര്‍ട്ടി വിട്ടു

കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി; മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി പാര്‍ട്ടി വിട്ടു

ബെംഗളൂരു: ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ ഉപ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി പാര്‍ട്ടി വിട്ടു. ഇദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കളെ പിന്തുണച്ച് രാംദുര്‍ഗ്, ജയനഗര്‍, ബെലഗാവി നോര്‍ത്ത് എന്നിവിടങ്ങളില്‍ അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സാവദി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അണികളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അതിനിടെ നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണും. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഷെട്ടാര്‍ ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നിലവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷെട്ടാര്‍ മത്സരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നു.

ഇതില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷനെ കാണാന്‍ അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ സുബ്ബള്ളിയില്‍ നിന്ന് ഷെട്ടാര്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സീറ്റിനെ ചൊല്ലി പിടിവലി നടക്കുന്നതിനിടെ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.എസ്. ഈശ്വരപ്പ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നഡ്ഡയ്ക്ക് കത്തയച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആകെ 20 സിറ്റിങ് എം.എല്‍.എ.മാരെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ബിജെപി ഒഴിവാക്കിയത്. ഇതില്‍ ഭൂരിഭാഗം പേരും ഇതിനകം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

2019 ല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരില്‍ നിന്ന് കൂറുമാറിയെത്തിയ ഭൂരിഭാഗം നേതാക്കള്‍ക്കും ഇത്തവണ ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. ഇക്കാര്യവും പ്രതിഷേധമുയര്‍ത്തിയ ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനുള്ള കാരണം സിറ്റിങ് എംഎല്‍എമാരെ കൃത്യമായി അറിയിച്ചിരുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.