ചെന്നൈ സൂപ്പർകിങ്സിന് വീണ്ടും പരാജയം; ധോണിക്കും ആശങ്ക

ചെന്നൈ സൂപ്പർകിങ്സിന് വീണ്ടും പരാജയം; ധോണിക്കും ആശങ്ക

ദുബായ്: ഐപിഎല്ലില്‍ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും പിഴച്ചു. ഏഴാം മല്‍സരത്തില്‍ ഈ സീസണിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സിഎസ്‌കെയെ കെട്ടുകെട്ടിച്ചത്. 44 റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം. ടൂര്‍ണമെന്റില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. ഇതോടെ ശ്രേയസ് അയ്യരുടെ ടീം പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി മൂന്നു വിക്കറ്റിന് 175 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറായിരുന്നു പടുത്തുയര്‍ത്തിയത്. മറുപടിയില്‍ ഒരിക്കല്‍പ്പോലും ഡല്‍ഹി നല്‍കിയ റണ്‍റേറ്റിന് അടുത്തെത്താന്‍ സാധിക്കാതിരുന്ന സിഎസ്‌കെ ഇന്നിങ്‌സ് തുടങ്ങിയതു പോലെ തന്നെ ഒരേ താളത്തില്‍ അവസാനിപ്പിക്കുകയും ചെയ്തു. ഏഴു വിക്കറ്റിനു 131 റണ്‍സാണ് സിഎസ്‌കെയ്ക്കു നേടാന്‍ കഴിഞ്ഞത്. ഈ സീസണിലെ ഏറ്റവും വിരസമായ മല്‍സരം കൂടിയായിരുന്നു ഇത്.

നേരത്തെ ടോസ് നേടിയ ധോണി ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ഇത് വലിയ അബദ്ധമായിരുന്നു. തുടക്കത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലായിരുന്നു പിച്ച്. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് തകര്‍ത്തടിക്കുന്നതാണ് കണ്ടത്. 10.4 ഓവറില്‍ ഇവര്‍ 94 റണ്‍സ് ചേര്‍ത്തു. പൃഥ്വി ഷാ 43 പന്തില്‍ 64 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി . ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ശിഖര്‍ ധവാന്‍ 27 പന്തില്‍ 35 റണ്‍സെടുത്തു. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ധവാന്‍ അടിച്ചു.

മഹേന്ദ്ര സിംഗ് ധോണിയുടെ നായകത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സിനെ   പരാജയപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ മുംബൈ മലയാളി ശ്രേയസ് സന്തോഷ് അയ്യരാണ് . (ജെ കെ ).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.