ദേശീയ പദവി നഷ്ടപ്പെടാതിരിക്കാന്‍ കരുക്കള്‍ നീക്കി സിപിഎം; കര്‍ണാടകയില്‍ ജെഡിഎസുമായി ധാരണ: ബാഗേപള്ളിയില്‍ നേരിടുന്നത് കോണ്‍ഗ്രസിനെ

ദേശീയ പദവി നഷ്ടപ്പെടാതിരിക്കാന്‍ കരുക്കള്‍ നീക്കി സിപിഎം; കര്‍ണാടകയില്‍ ജെഡിഎസുമായി ധാരണ: ബാഗേപള്ളിയില്‍ നേരിടുന്നത് കോണ്‍ഗ്രസിനെ

ബംഗളൂരു: സിപിഐക്ക് പിന്നാലെ ദേശീയ പദവി നഷ്ടമാകാതിരിക്കാന്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഹകരിക്കാനും സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനും സിപിഎം തീരുമാനം. ദേവെഗൗഡ, കുമാരസ്വമി എന്നിവരുമായി സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഇതിന്റെ ഭാഗമായി സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ബാഗേപള്ളിയില്‍ ജെഡിഎസ് സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിക്കും.

സിപിഎമ്മിന് അല്‍മെങ്കിലും ജനപിന്തുണയുള്ള മണ്ഡലമെന്ന നിലയിലാണ് ബാഗേപള്ളിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡലമാണിത്. കര്‍ഷക തൊഴിലാളികള്‍ ഏറെയുള്ള ഇവിടെ കഴിഞ്ഞ തവണ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ആന്ധ്രപ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മണ്ഡലമാണ് ബാഗേപള്ളി.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.വി.ശ്രീരാമ റെഡ്ഡി 1994 ലും 2004 ലും ജയിച്ച മണ്ഡലമാണിത്. അന്ന് ജെഡിഎസിനേയും ബിജെപിയേയുമാണു പിന്നിലാക്കിയത്. 65710 വോട്ടുകളാണു കഴിഞ്ഞ തവണ ലഭിച്ചത്. ജെഡിഎസ് സ്ഥാനാര്‍ഥി ഡോ. സി.ആര്‍. മനോഹറിനു 38302 വോട്ടും കിട്ടി. ഇവ രണ്ടും ചേര്‍ന്നാല്‍ 14013 വോട്ടിന്റെ ഭൂരിപക്ഷമുളള കോണ്‍ഗ്രസിനെ അട്ടിമറിക്കാമെന്നാണ് കണക്കുകൂട്ടല്‍.

കേരള, തമിഴ്‌നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കപ്പുറത്ത് നാലാമതൊരു സംസ്ഥാനത്ത് ജനപ്രതിനിധിയുണ്ടായില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി പോലും ചോദ്യം ചെയ്യപ്പെടാമെന്ന സാഹചര്യത്തിലാണു സിപിഎമ്മിന്റെ തന്ത്രപരമായ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.