മാഡ്രിഡ്: മനുഷ്യ സമ്പര്‍ക്കമില്ലാതെ ഭൂമിക്കടിയിലെ ഇരുണ്ട ഗുഹയില്‍ 500 ദിവസം താമസിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് 50 വയസുകാരി. സ്പാനിഷ് സ്വദേശിനി ബിയാട്രിസ് ഫ്ളമിനിയാണ് പരീക്ഷണത്തിന്റെ ഭാഗമായി ഗുഹയില്‍ 500 ദിവസം തങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുഹയില്‍ പ്രവേശിച്ച ശേഷം തനിക്ക് പുറം ലോകവുമായും മനുഷ്യരുമായും യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്ന് ബിയാട്രിസ് പറയുന്നു.
2021 നവംബര്‍ 21-നാണ് കായിക താരവും പര്‍വതാരോഹകയുമായ ബിയാട്രിസ് ഫ്ളമിനി ഗുഹയില്‍ പ്രവേശിച്ചത്. അതായത് ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍. തന്റെ 48-ാം വയസിലാണ് അവര്‍ ഗുഹയില്‍ പ്രവേശിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 230 അടി ആഴമുള്ള ഇരുണ്ട ഗുഹയിലാണ് അവര്‍ 500 ദിവസം പൂര്‍ത്തിയാക്കിയത്. വ്യായാമം ചെയ്തും കമ്പിളി തൊപ്പികള്‍ നെയ്തുമാണ് ബിയാട്രിസ് സമയം ചെലവഴിച്ചത്. വായനയും എഴുത്തും വരയും പാചകവും ഇതിനൊപ്പം നടന്നു.
രണ്ടു ജന്മദിനങ്ങളില്‍ ബിയാട്രിസ് ഭൂമിക്കടിയില്‍ ഒറ്റയ്ക്കായിരുന്നു.
മനുഷ്യ സമ്പര്‍ക്കമില്ലാതെയുള്ള ഗുഹാ ജീവിതം ഗവേഷകര്‍ അടക്കം നിരീക്ഷിച്ചിരുന്നു. സാമൂഹിക ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ആഘാതവും സമയം, ദിവസം, സ്ഥലം എന്നിവയെക്കുറിച്ചുണ്ടാകുന്ന ആശയക്കുഴപ്പവും പഠിക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. മസ്തിഷ്‌ക രീതികള്‍, ഉറക്കത്തിലെ വ്യതിയാനം എന്നിവയും നിരീക്ഷണ വിധേയമാക്കി. മനശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ഗുഹാ വിദഗ്ധര്‍, ശാരീരിക പരിശീലകര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും ബിയാട്രിസുമായി നേരിട്ടു ബന്ധം പുലര്‍ത്തിയില്ല.
'ഒന്നര വര്‍ഷമായി ഞാന്‍ നിശബ്ദയായിരുന്നു, എന്നോടല്ലാതെ മറ്റാരോടും ഞാന്‍ സംസാരിച്ചില്ല. പുറംലോകത്തെത്തിയപ്പോള്‍ എന്റെ ബാലന്‍സ് നഷ്ടപ്പെടുന്നു. ഒന്നര വര്‍ഷമായി ഞാന്‍ വെള്ളം തൊട്ടിട്ടില്ല. നിങ്ങള്‍ എന്നെ കുളിക്കാന്‍ അനുവദിക്കണം - ഗുഹയില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ കാത്തുനിന്നവരോടായി അവര്‍ പറഞ്ഞു.
ബിയാട്രിസ് ഫ്ളമിനി ഗുഹയ്ക്കുള്ളില്‍
സമയം ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് താന്‍ ഏറെ വെല്ലുവിളി നേരിട്ടതെന്ന് ബിയാട്രിസ് പറഞ്ഞു. 65-ാം ദിവസം, ദിവസങ്ങള്‍ എണ്ണുന്നത് നിര്‍ത്തി, സമയത്തെക്കുറിച്ചുള്ള ധാരണ നഷ്ടപ്പെട്ടു. ഇതുകൂടാതെ ഗുഹയ്ക്കുള്ളിലെ ഈച്ചകളുടെ ആക്രമണമാണ് തനിക്ക് ഏറ്റവും പ്രയാസകരമായി അനുഭവപ്പെട്ടതെന്നും ബിയാട്രിസ് കൂട്ടിച്ചേര്‍ത്തു.
ബിയാട്രിസിന്റെ സഹായികള്‍ ഗുഹയില്‍ പുസ്തകങ്ങളും അറുപതോളം പുസ്തകങ്ങളും 1,000 ലിറ്റര്‍ വെള്ളവും എത്തിച്ചിരുന്നു. എന്നാല്‍ സഹായികളുമായും ബിയാട്രിസിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ ഗുഹയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതിന്റെ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബിയാട്രിസ് ഫ്ളമിനി.
2010-ല്‍ ചിലിയിലെ ഒരു സ്വര്‍ണ്ണ ഖനി തകര്‍ന്നതിനെതുടര്‍ന്ന് 69 ദിവസം 688 മീറ്റര്‍ ഭൂമിക്കടിയില്‍ ചെലവഴിച്ച 33 ചിലിയന്‍, ബൊളീവിയന്‍ ഖനിത്തൊഴിലാളികളുടെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.