സുഡാനില്‍ പട്ടാള അട്ടിമറിക്കു സമാന സാഹചര്യം: സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ പോരാട്ടം; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

സുഡാനില്‍ പട്ടാള അട്ടിമറിക്കു സമാന സാഹചര്യം: സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ പോരാട്ടം; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ഖാര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ധ സൈനിക വിഭാഗവും (ആര്‍.എസ്.എഫ്) തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. സ്ഥിതി ആശങ്കാജനകമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നുമാണ് നിര്‍ദ്ദേശം. പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് വെടിവയ്പും സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിലെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നാണ് വെടിയൊച്ചകള്‍ കേള്‍ക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്താവളത്തിന്റെയും ഖാര്‍ത്തുമിന്റെ വടക്ക് സ്ഥിതിചെയ്യുന്ന പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെയും സൈനിക മേധാവിയുടെ വസതിയുടെയും നിയന്ത്രണം പിടിച്ചെടുത്തതായി അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

കൊട്ടാരത്തിന്റെ പ്രവേശനകവാടം സൈനികര്‍ ഉപരോധിച്ചിരിക്കുകയാണെന്നും കെട്ടിടത്തിനു ചുറ്റം ആയുധധാരികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഖാര്‍ത്തൂം, മെറോവ് വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി ആര്‍എസ്എഫ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.

സൈന്യം തങ്ങള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നാണ് ആര്‍.എസ്.എഫ് ആരോപിച്ചു. ഖാര്‍ത്തൂമിന്റെ ദക്ഷിണ മേഖലയിലെ ഒരു ക്യാമ്പിന് നേര്‍ക്ക് ആക്രമണം നടന്നതായും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് ആരോപിച്ചിരുന്നു. ആര്‍എസ്എഫ് ഭടന്‍മാര്‍ സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിക്കാന്‍ ശ്രമിച്ചതായി സൈന്യവും തിരിച്ചടിച്ചു.

സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതില്‍ കരാറിലെത്തിച്ചേരാന്‍ ഇരു വിഭാഗവും പരാജയപ്പെട്ടതോടെയാണ് സുഡാനില്‍ അര്‍ധ സൈനിക വിഭാഗവും സൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. ആര്‍എസ്എഫിനെ സൈന്യത്തില്‍ എങ്ങനെ സംയോജിപ്പിക്കണം എന്നതിനെച്ചൊല്ലി ബുര്‍ഹാനും ഡാഗ്ലോയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.