ക്രൈസ്തവ പീഡനങ്ങളെ അപലപിച്ച് യുഎന്നിന്റെ 75 ആം പൊതു അസംബ്ലിയിൽ മാർപാപ്പ

ക്രൈസ്തവ പീഡനങ്ങളെ അപലപിച്ച് യുഎന്നിന്റെ 75 ആം പൊതു അസംബ്ലിയിൽ മാർപാപ്പ

ന്യൂയോർക്ക്: എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന യുഎന്നിന്റെ പൊതു അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് ലോകത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെയും വംശഹത്യയെയും കുടിയൊഴുപ്പിക്കലുകളെയും ഫ്രാൻസിസ് മാർപാപ്പ നിശിതമായി വിമർശിച്ചത്. സെപ്റ്റംബർ 22 മുതൽ 29 വരെ നടക്കുന്ന അസംബ്ലിയിൽ 25 വെള്ളിയാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പയുടെ അരമണിക്കൂറോളം ദൈർഘ്യമുള്ള മുൻപ് തയ്യാറാക്കിയ വീഡിയോ സന്ദേശം കേൾപ്പിച്ചത്. രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിനും മനുഷ്യവംശത്തിന്റെ മുഴുവൻ നന്മയ്ക്കുമുള്ള ഒരു ഉപകരണമായി യുഎന്നിന് നിലകൊള്ളാൻ സാധിക്കും എന്ന പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യാശ പങ്കുവച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.

ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതിന് കാരണമാകുന്ന നമ്മുടെ ജീവിതക്രമത്തെയും സാമൂഹിക-സാമ്പത്തിക സംവിധാനങ്ങളെയുംപറ്റി വീണ്ടുവിചാരം നടത്താനുള്ള ഒരു അവസരമാണ് ഈ കോവിഡ് 19 മഹാമാരിയുടെ കാലഘട്ടമെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു. ഈ പരീക്ഷണ കാലഘട്ടം, ആവശ്യങ്ങളെയും അനാവശ്യങ്ങളെയും വേർതിരിച്ചു കാണാനും കടന്നുപോകുന്ന കാര്യങ്ങൾക്കും പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങൾക്കും ഇടയിൽ ഒരു തിരഞ്ഞെടുപ്പ് നടത്താനും നമ്മെ ഒരുനിമിഷം പിടിച്ചു നിർത്തുന്നുണ്ട്. നമുക്കു മുൻപിൽ രണ്ടു വഴികളാണുള്ളത്. ഒന്നാമതായി, ആഗോളതലത്തിൽ ഒരു കൂട്ടുത്തരവാദിത്വവും മാനവികകുടുംബത്തിനുള്ളിൽത്തന്നെ നീതിയും സമാധാനവും ഐക്യവും പുലരാൻ സഹായിക്കുന്നവിധത്തിൽ വൈവിധ്യതയെ സമന്വയിപ്പിക്കുന്ന വഴിയും, സ്വയംപര്യാപ്തതയിലും ദേശസ്നേഹത്തിലും സംരക്ഷണവാദത്തിലും വ്യക്തികേന്ദ്രീകൃതവാദത്തിലും ഒറ്റപ്പെടുത്തലിലും മാത്രം ശ്രദ്ധിച്ച് പാവങ്ങളെയും അശരണരെയും ജീവിതത്തിന്റെ അതിർവരമ്പുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവരെയും ഒഴിവാക്കുന്ന രണ്ടാമത്തെ വഴിയും. ഇതിൽ ആദ്യത്തെ വഴിയാണ് ലോകത്തെപ്പറ്റിയുള്ള ദൈവിക പദ്ധതിയുടെ ഭാഗമെന്ന് മാർപാപ്പ ഓർമിപ്പിച്ചു. 

പൊതു ആരോഗ്യമേഖലയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യപരിപാലനത്തിന് ഓരോ വ്യക്തിക്കുമുള്ള പ്രത്യേക അവകാശവും ഈ മഹാമാരി നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് കോവിഡ്  19 നെ പ്രതിരോധിക്കാനുള്ള എല്ലാ ശാസ്ത്ര പുരോഗതികളും പാവപ്പെട്ടവരിലേക്കും സമൂഹത്തിൽ പണത്തിന്റെയും പദവിയുടെയും പേരിൽ വിവേചനം നേരിടുന്നവരിലേക്കും എത്തണമെന്ന് എല്ലാ രാഷ്ട്രീയ നേതാക്കളെയും ഓർമ്മപ്പെടുത്തുന്നതായി പാപ്പ പറഞ്ഞു. 

ഇപ്പോഴത്തെ ഈ പ്രതിസന്ധി പ്രകൃതിയുടെ പരിമിതികളെ അതിലംഘിക്കാനുള്ള പ്രലോഭനങ്ങൾ ഒഴിവാക്കാൻ നമ്മളെ ക്ഷണിക്കുന്നുണ്ട്. സാങ്കേതികവിദ്യകളെ നിയന്ത്രിക്കാനും ശരിയായ ദിശയിലേക്ക് നയിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ആരോഗ്യപരവും മാനുഷികവും സാമൂഹികവും സമാധാനപരവുമായ മറ്റു പുരോഗതികൾക്കായി നമുക്ക് സാങ്കേതികവിദ്യകളെ ഉപകാരപ്പെടുത്തണം. 

കോവിഡ് മഹാമാരി തൊഴിൽ മേഖലയിൽ വരുത്തിയ പ്രതിസന്ധിയെയും നാം കാര്യമായി പരിഗണിക്കേണ്ടതുണ്ട്. മഹത്തരമായ തൊഴിലുകൾ വർദ്ധിപ്പിക്കുന്നതിന് കമ്പനികളുടെ ലാഭം മാത്രം കേന്ദ്രീകരിക്കപ്പെടുന്ന രീതിയിലുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതി മാറ്റിയെടുക്കേണ്ടതുണ്ട്. കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുക എന്നതായിരിക്കണം ഓരോ കമ്പനികളും മുന്നിൽ കാണേണ്ടത്. 

ഇപ്രകാരമുള്ള പല കാര്യങ്ങൾ നമ്മെ ദിശമാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അതായത് പാഴ് വസ്തു സംസ്കാരത്തിൽ (culture of waste) നിന്നും പിന്തിരിപ്പിക്കുന്ന ശക്തമായ ഒരു ധാർമിക അടിത്തറ ഇതിനായി നാം രൂപപ്പെടുത്തണം. വലിച്ചെറിയൽ സംസ്കാരം മാനവികതയ്ക്ക് എതിരെയുള്ള കടന്നാക്രമണം തന്നെയാണ്. 

നിരവധി സമൂഹങ്ങൾ തുടർച്ചയായി അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരാകുന്നതിലുള്ള ആശങ്കയും പരിശുദ്ധപിതാവ് പങ്കുവെച്ചു. വിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങളും വംശഹത്യകളും ഇന്ന് വർദ്ധിച്ചുവരുന്നു. തങ്ങൾ ക്രിസ്ത്യാനികൾ തന്നെ ഇതിന്റെ ഒരു പ്രധാന ഇരയാണ്. എത്രയോ ക്രിസ്ത്യൻ സഹോദരങ്ങൾ ആണ് തങ്ങളുടെ പൂർവ്വികരുടെ നാടും ദേശവും വിട്ട്, ചരിത്രവും സംസ്കാരവും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്നത്. 

ജനത്തിന്റെ ജീവനും സ്വാതന്ത്ര്യത്തിനും വ്യക്തിസുരക്ഷയ്ക്കും വിഘാതമാകുന്ന എത്രയോ മാനവിക പ്രതിസന്ധികളാണ് ഇന്ന് നിലനിൽക്കുന്നത്. ആഗോളതലത്തിൽത്തന്നെ ജനനിബിഡമായ ഇടങ്ങളിൽ വലിയ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുകവഴി ദീർഘനാൾ നീണ്ടുനിൽക്കുന്ന മാനവിക പ്രത്യാഘാതങ്ങളാണ് രൂപപ്പെടുന്നത്. 

അഭയാർത്ഥി പ്രശ്നങ്ങളും മനുഷ്യക്കടത്ത്, ലൈംഗിക അടിമത്തം, വേതനം നിഷേധിച്ചുള്ള നിർബന്ധിത ജോലി തുടങ്ങിയ മറ്റ് സാമൂഹ്യ പ്രശ്നങ്ങളിലേക്കും മാർപാപ്പ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. സാമ്പത്തിക അസമത്വം അവസാനിപ്പിക്കുന്നതിന് എല്ലാ ലോകരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. പാവപ്പെട്ട രാജ്യങ്ങളുടെ വികസനത്തിന് സഹായിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ലോകരാജ്യങ്ങൾ എടുക്കാറുള്ള തീരുമാനങ്ങളിലും വാഗ്ദാനങ്ങളിലും നിന്ന് പലപ്പോഴും പിറകോട്ട് പോകുന്നതിലുള്ള അതൃപ്തിയും ഫ്രാൻസിസ് മാർപാപ്പ രേഖപ്പെടുത്തി. 

പരിസ്ഥിതി പരിപാലനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ആമസോൺ മേഖലകളെ പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. നമ്മൾ വരുത്തിവയ്ക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഭാരം വരും തലമുറയുടെ ചുമലിൽ എടുത്തുവയ്ക്കാൻ തുനിയരുത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെപറ്റിയും പാപ്പാ സംസാരിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ദുരുപയോഗങ്ങൾ, പോർണോഗ്രഫി, വിദ്യാഭ്യാസ സംബന്ധിയായ പ്രതിസന്ധികൾ, ചൂഷണം തുടങ്ങിയ പ്രവണതകൾ വർധിച്ചുവരുന്നതായി പാപ്പാ ഓർമ്മപ്പെടുത്തി. ഏതാനും ചില രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഭ്രൂണഹത്യയെ ഈ മഹാമാരിയുടെ കാലത്തുള്ള "അടിയന്തര സേവനം"പോലെ പരിഗണിച്ച് പ്രോത്സാഹിപ്പിച്ചതിലുള്ള ദുഃഖം പാപ്പാ രേഖപ്പെടുത്തി. കുടുംബങ്ങളിലെ അസ്ഥിരതയും ബന്ധങ്ങളിലെ വിള്ളലും സമൂഹത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും ചൂഷണത്തിനിരയാകുന്ന സ്ത്രീകൾ ഇന്നും ഉണ്ടെന്ന് പാപ്പാ പറഞ്ഞു.

നമുക്ക് ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിച്ചു. യുഎൻ സ്ഥാപിക്കപ്പെട്ടത് രാജ്യങ്ങളെ ഒരുമിച്ചു ചേർക്കാനാണ്, ജനതകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ്. നമ്മുടെ മുൻപിലുള്ള പ്രതിസന്ധികളെ അവസരങ്ങളായിക്കണ്ട് ഒരുമിച്ച് പണിയപ്പെടാൻ ഈ സ്ഥാപനം കൊണ്ട് സാധിക്കട്ടെ എന്ന ആശംസയോടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

✍️ Sebastian Thengumpallil


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.