ബംഗളുരു: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അദാനിക്ക് പണം നല്‍കി സഹായിക്കുമ്പോള്‍ കോണ്‍ഗ്രസ് ദരിദ്രരേയും യുവാക്കളേയും മഹിളകളേയും സഹായിക്കുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. അയോഗ്യനാക്കിയതിന് ശേഷം കര്‍ണാടകയിലെ കോലാറിലെത്തിയ രാഹുല്‍ ഗാന്ധി മോഡിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
നാല് സുപ്രധാന പദ്ധതികളും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് അദേഹം വാഗ്ദാനം ചെയ്തു. ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാനി, യുവനിധി എന്നീ പദ്ധതികള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം.
ഗൃഹജ്യോതി സമ്പൂര്‍ണ വൈദ്യുതി വല്‍ക്കരണവും ഗൃഹലക്ഷ്മി വീട്ടമ്മമാരുടെ ക്ഷേമം ലക്ഷ്യം വെച്ചുള്ളതുമാണ്. അന്നഭാനി ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അരി എത്തിക്കുന്നതുമായി ബന്ധപ്പെട്ടതും യുവനിധി തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് 3000 രൂപ പ്രതിമാസം നല്‍കുന്ന പദ്ധതിയുമാണ്.
ഹിമാചല്‍ അടക്കം നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കള്‍ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങള്‍ നല്‍കൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തില്‍ തന്നെ നടപ്പാക്കൂ എന്നാണ് താന്‍ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കര്‍ണാടക നേതാക്കളോടും പറയാനുള്ളത്.
ബിജെപി സര്‍ക്കാര്‍ എന്ത് ചെയ്തു? 40 ശതമാനം കമ്മീഷന്‍ വിഴുങ്ങി. പാവപ്പെട്ടവരുടെ പണം കട്ടു. ഇത് ഞാന്‍ അല്ല പറഞ്ഞത്. കോണ്‍ട്രാക്ടര്‍മാരുടെ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണ്. ഇന്ന് വരെ മോഡി അതിന് മറുപടി നല്‍കിയോ?
മറുപടി നല്‍കാത്തത്തിന് അര്‍ത്ഥം ഇവിടെ അഴിമതി നടക്കുന്നു എന്ന് മോഡിക്ക് അറിയാം എന്നത് തന്നെയാണ്. കര്‍ണാടകയില്‍ ജോലി തട്ടിപ്പുകള്‍ വ്യാപകമാണ്. ഇതെല്ലാം നിങ്ങള്‍ സഹിച്ചു. അദാനിയെക്കുറിച്ച് പ്രധാനമന്ത്രിയോട് താന്‍ ചോദിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തു.
അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപ ആരുടേതാണ് എന്നതായിരുന്നു താന്‍ ചോദിച്ചത്. അതോടെ ബിജെപി മന്ത്രിമാര്‍ പാര്‍ലമെന്റ് തടസപ്പെടുത്തി എന്നെപ്പറ്റി നുണ പറഞ്ഞു. എനിക്ക് മറുപടി പറയാന്‍ ഉണ്ടെന്ന് പല തവണ ഞാന്‍ സ്പീക്കര്‍ക്ക് കത്ത് എഴുതി. നേരില്‍ പോയി പറഞ്ഞു. എന്നിട്ടും സംസാരിക്കാന്‍ അനുമതി കിട്ടിയില്ല.
'അദാനിയുടെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് മോഡി ഭയക്കുന്നു. അതിന് ശേഷമാണ് എന്നെ അയോഗ്യനാക്കിയത്. പാര്‍ലിമെന്റില്‍ നിന്ന് എന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോഡി കരുതുന്നത്. എനിക്കൊരു പേടിയുമില്ല.
വീണ്ടും ഞാന്‍ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേത്? നിങ്ങളും അദാനിയും തമ്മിലുള്ള ബന്ധമെന്ത്? അതിന്റെ മറുപടി കിട്ടും വരെ എനിക്ക് വിശ്രമമില്ല. എന്നെ പുറത്താക്കൂ ജയിലില്‍ ഇടൂ. എനിക്ക് ഭയമില്ല. അഴിമതിയുടെ ചിഹ്നമാണ് അദാനി'- രാഹുല്‍ പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന വികസനം പൂര്‍ണമായും അദാനിക്ക് തീറെഴുതുന്നു. ആയിരക്കണക്കിന് കോടി രൂപ അദാനിയുടെ കമ്പനികളില്‍ വന്നു വീഴുന്നു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ ചൈനക്കാരനായ ഡയറക്ടറുണ്ട്. പ്രതിരോധ മേഖലയില്‍ കരാറുകള്‍ നേടി എടുക്കുന്ന അദാനിയുടെ കമ്പനിയില്‍ ചൈനീസ് ഡയറക്ടര്‍ എങ്ങനെ വന്നുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
താന്‍ ഒബിസി വിഭാഗത്തെ അപമാനിച്ചു എന്ന് പറയുന്നു. നമുക്ക് ഒബിസി വിഭാഗത്തെ കുറിച്ച് സംസാരിക്കാം. താഴെത്തട്ടില്‍ ഉള്ളവരുടെ ഏറ്റവും വലിയ പ്രശ്‌നം എന്താണ്? കേന്ദ്ര സര്‍ക്കാര്‍ സംവിധാനത്തില്‍ വെറും ഏഴ് ശതമാനം മാത്രം ഒബിസി സെക്രട്ടറിമാരേ ഉള്ളൂ.
പ്രാതിനിധ്യത്തെ കുറിച്ച് സംസാരിക്കാം. മോഡി ഒബിസി അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. യുപിഎ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്ത് വിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ ആ ജോലി ചെയ്യാതെ ഇരിക്കുന്നതാണ് ഒബിസികള്‍ക്ക് അപമാനം. എസ് സി, എസ് ടി സംവരണത്തിന് 50 ശതമാനം പരിധി വെച്ചത് മാറ്റൂ. സംവരണം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കൂ.
മോഡി അദാനിക്ക് ബാങ്കുകളുടെ വാതില്‍ തുറക്കും. ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് മുന്നില്‍ ബാങ്കുകളുടെ വാതില്‍ തുറക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. കൃത്യം ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം. 40 ശതമാനം കമ്മീഷന്‍ വാങ്ങിയ തുക കൊണ്ട് പല കളികളും ബിജെപി കളിക്കും. അത് തടയാന്‍ 150 സീറ്റുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.