ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഒഡീഷയില്‍ പ്രേക്ഷിത ദൗത്യത്തിലേക്ക്; മെല്‍ബണ്‍ രൂപതാധ്യക്ഷനായി ജോണ്‍ പനന്തോട്ടത്തില്‍ 31-ന് സ്ഥാനമേല്‍ക്കും

ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഒഡീഷയില്‍ പ്രേക്ഷിത ദൗത്യത്തിലേക്ക്; മെല്‍ബണ്‍ രൂപതാധ്യക്ഷനായി ജോണ്‍ പനന്തോട്ടത്തില്‍ 31-ന് സ്ഥാനമേല്‍ക്കും

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ആദ്യത്തെ ഇടയനായ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഇനി പ്രേക്ഷിത ദൗത്യത്തിലേക്ക്. ഒഡീഷയിലെ (ഒറീസ) കോരാപുട് പ്രദേശത്തെ സിറോ മലബാര്‍ പ്രേഷിത രംഗത്തേക്കാണ് താന്‍ പ്രവേശിക്കുന്നതെന്ന് ഞായറാഴ്ച്ച ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലൂടെ മാര്‍ ബോസ്‌കോ പുത്തൂര്‍ അറിയിച്ചു. ഷംസബാദ് രൂപതാധ്യക്ഷന്റെ താല്‍പര്യപ്രകാരമാണ് പിതാവ് ഈ ദൗത്യം ഏറ്റെടുത്തത്.

മേയ് 31-ന് മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സ്ഥാനമേല്‍ക്കുന്നതിനു പിന്നാലെ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഇന്ത്യയിലേക്കു മടങ്ങും. 31-ന് തന്നെ പിതാവിനായി വിപുലമായ യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായി വിരമിച്ചാലും സഭാപാരമ്പര്യമനുസരിച്ച് ജീവിതാന്ത്യം വരെ ബിഷപ്പ് മെല്‍ബണ്‍ രൂപതാംഗമായിരിക്കും.

സ്ഥാനാരോഹണവും യാത്രയയപ്പ് സമ്മേളനവും പരിശുദ്ധ ദൈവമാതാവിന്റെ സന്ദര്‍ശന തിരുനാള്‍ ദിനമായ മെയ് 31-ന് വൈകിട്ട് 4:45 ന് മെല്‍ബണിലെ ഔവര്‍ ലേഡീ ഗാര്‍ഡിയന്‍ ഓഫ് പ്ലാന്റ്‌സ് കല്‍ദായ പള്ളിയിലാണു നടക്കുന്നത്. സ്ഥാനാരോഹണ കര്‍മ്മങ്ങളില്‍ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഓസ്‌ട്രേലിയയിലെ മാര്‍പാപ്പയുടെ പ്രതിനിധി അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ, സിറോ മലബാര്‍ സഭയുടെ മറ്റു രൂപതകളില്‍ നിന്നുള്ള പിതാക്കന്മാര്‍, ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, മെല്‍ബണ്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കും.


ഫാ. ജോൺ പനന്തോട്ടത്തിൽ

ജന്മദിനത്തില്‍ പുതിയ മെത്രാന്റെ സ്ഥാനാരോഹണം

1966-ല്‍ ജനിച്ച ജോണച്ചന്റെ ജന്മദിനത്തില്‍തന്നെ അദ്ദേഹത്തിന് മെത്രാഭിഷേകം സ്വീകരിക്കാന്‍ സാധിക്കുന്നത് ദൈവാനുഗ്രഹമാണെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഇടയലേഖനത്തില്‍ പറയുന്നു. മെയ് 23 നാണ് നിയുക്ത മെത്രാന്‍ മെല്‍ബണില്‍ എത്തിച്ചേരുന്നത്. പുതിയ പിതാവിന് ഹൃദ്യമായി നമുക്ക് സ്വാഗതമാശംസിക്കാം. നിത്യ പുരോഹിതനായ ഈശോയുടെ തിരുഹൃദയത്തിന് അനുയോജ്യനായ രൂപതാധ്യക്ഷനെ നമുക്കു നല്‍കിയ ദൈവത്തിന് നന്ദി പറയാം. വന്ദ്യ പിതാവിന്റെ മേല്‍പ്പട്ട ശുശ്രൂഷയിലൂടെ മെല്‍ബണ്‍ രൂപത ആത്മീയമായും സാമൂഹികമായും വളരാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം - ഇടയലേഖനം തുടരുന്നു.

'കഴിഞ്ഞ ഒന്‍പതു വര്‍ഷം നിങ്ങളോടൊപ്പം വിശ്വാസ തീര്‍ത്ഥാടനം നടത്താനും ദൈവജനത്തിന് മേല്‍പ്പട്ട ശുശ്രൂഷ ചെയ്യാനും എന്നെ നിയോഗിച്ച നല്ല തമ്പുരാന് നന്ദി പറയുന്നു. സിറോ മലബാര്‍ പ്രവാസികള്‍ക്കുവേണ്ടി മെല്‍ബണ്‍ രൂപത സ്ഥാപിക്കുകയും എന്നെ പ്രഥമ മെത്രാനായി നിയമിക്കുകയും ചെയ്യ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും സിറോ മലബാര്‍ സിനഡിനെയും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെയും നന്ദിയോടെ അനുസ്മരിക്കുന്നു'.

മെല്‍ബണ്‍ രൂപതയെയും പുതിയ രൂപതാധ്യക്ഷനെയും ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയും ആശംസയോടെയുമാണ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഇടയലേഖനം അവസാനിപ്പിക്കുന്നത്.

തനിക്കു നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്കും രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍, ഫിനാന്‍സ് കൗണ്‍സില്‍, ഇടവക പ്രതിനിധി യോഗം എന്നിവയിലെ അംഗങ്ങള്‍ക്കും കൈക്കാരന്‍മാര്‍ക്കും മതാധ്യാപകര്‍ക്കും ആരാധനാക്രമ ശുശ്രൂഷകളില്‍ സഹായിക്കുന്നവര്‍ക്കും പിതാവ് ഇടയ ലേഖനത്തിലൂടെ നന്ദി അര്‍പ്പിച്ചു.

2013 ഡിസംബര്‍ 23 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയ്ക്കു പുറത്തുള്ള രണ്ടാമത്തെ സിറോ മലബാര്‍ രൂപതയായി മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയും രൂപതയുടെ പ്രഥമ പിതാവായും ന്യൂസിലന്‍ഡിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും ബിഷപ്പ് ബോസ്‌കോ പുത്തൂരിനെ നിയമിക്കുന്നത്.

ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിയേറിയ സിറോ മലബാര്‍ വിശ്വാസികളെ ഒരുമിപ്പിച്ച് ഇടവകകള്‍ക്കും മിഷനുകള്‍ക്കും രൂപം നല്‍കാന്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്.

ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ ഇടയലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

https://cnewslive.com/images/3d33e36c-bd10-4eb8-bdd5-711be48b67c5.pdf

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.