അവസാനത്തെ മൂന്ന് നിലയങ്ങളും അടച്ചു; ആണവ യുഗത്തോട് ബൈ പറഞ്ഞ് ജര്‍മ്മനി

അവസാനത്തെ മൂന്ന് നിലയങ്ങളും അടച്ചു; ആണവ യുഗത്തോട് ബൈ പറഞ്ഞ് ജര്‍മ്മനി

ബെര്‍ലിന്‍: ഉത്തര കൊറിയ പോലുള്ള രാജ്യങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ പതിവാക്കുമ്പോള്‍ രാജ്യത്ത് അവശേഷിച്ച മൂന്ന് ആണവ നിലയങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ച് ലോകത്തിന് പുതിയ മാതൃക നല്‍കി ജര്‍മ്മനി.

ഇതോടെ ആണവോര്‍ജത്തിന്റെ ഉപയോഗം രാജ്യത്ത് അവസാനിപ്പിച്ചു. ഐസര്‍ 2, നെകാര്‍വെസ്‌തെയിം 2, എംസ്ലന്‍ഡ് എന്നീ പ്ലാന്റുകളുടെ പ്രവര്‍ത്തനമാണ് പൂര്‍ണമായും അവസാനിപ്പിച്ചത്.

2022 അവസാനത്തോടെ ഈ മൂന്ന് പ്ലാന്റുകളും പൂട്ടാനായിരുന്നു ലക്ഷ്യമെങ്കിലും ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഊര്‍ജ പ്രതിസന്ധി തടസമായി. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ആകെ ഊര്‍ജത്തിന്റെ വെറും ആറ് ശതമാനം മാത്രമാണ് ഈ മൂന്ന് പ്ലാന്റുകളില്‍ നിന്നും ലഭ്യമാക്കിയത്. 2003 മുതല്‍ ആകെ 16 ആണവ റിയാക്ടറുകളാണ് ജര്‍മ്മനിയില്‍ അടച്ചു പൂട്ടിയത്.

1980 കളില്‍ പ്രവര്‍ത്തനമാരംഭിച്ച ബ്രോക്‌ഡോര്‍ഫ്, ഗ്രോണ്ടെ, ഗ്രുണ്ട്‌റെമ്മിന്‍ജെന്‍ എന്നീ മൂന്ന് ആണവ നിലയങ്ങള്‍ കഴിഞ്ഞ വര്‍ഷം ആദ്യം പൂട്ടിയിരുന്നു. 2002 ലാണ് ഗെര്‍ഹാര്‍ഡ് ഷ്രോഡറിന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളിലേക്ക് രാജ്യം മാറണമെന്ന് പ്രഖ്യാപിച്ചത്.

2011 ല്‍ ജപ്പാനിലുണ്ടായ ഫുകുഷിമ ആണവ ദുരന്തത്തിന് പിന്നാലെ ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും 2022 ഓടെ ലക്ഷ്യം പൂര്‍ത്തിയാക്കാനും ആംഗല മെര്‍ക്കല്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 2038 ഓടെ കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കാനും ജര്‍മ്മനി തീരുമാനിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.