'ചെറിയ പോറല്‍ വീണ ടിവി, കാര്‍ ഓരോന്ന് എടുക്കട്ടെ...'; തട്ടിപ്പിന്റെ പുതിയ മുഖത്തെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്

'ചെറിയ പോറല്‍ വീണ ടിവി, കാര്‍ ഓരോന്ന് എടുക്കട്ടെ...'; തട്ടിപ്പിന്റെ പുതിയ മുഖത്തെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: ഓരോ തവണ പിടിക്കപ്പെടുമ്പോഴും പുതിയ മുഖംമൂടിയണിഞ്ഞാണ് തട്ടിപ്പ് സംഘം വീണ്ടും കളത്തിലിറങ്ങുന്നത്. ഇവരുടെ നൂതന രീതികള്‍ മനസിലാക്കാന്‍ പലപ്പോഴും സാധാരണ ജനങ്ങള്‍ സാധിക്കാറില്ല. അത്തരമൊരു തട്ടിപ്പ് രീതിയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കേരളാ പൊലീസ്.

ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍സിഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും, ഈ കെണിയില്‍ ചാടരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇത് സംബന്ധിച്ച അറിയിപ്പ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍സിഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാര വിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കില്‍ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍. ഓണ്‍ലൈന്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളില്‍ അവ്യക്തവും തെറ്റുകള്‍ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകള്‍.

ഒറ്റ നോട്ടത്തില്‍ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തിരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇ-മെയില്‍, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു.

വിശ്വാസം നേടിയെടുക്കന്നതിനായി മുന്‍പ് മത്സരത്തില്‍ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജ ഫോട്ടോകളും അയച്ചു നല്‍കും. കമ്പനികളുടെ നൂറ്റമ്പതാം വാര്‍ഷികം, നൂറാം വാര്‍ഷികം എന്നൊക്കെ അനൗണ്‍സ് ചെയ്യുമ്പോള്‍ ഒരുപക്ഷെ ആ കമ്പനി അന്‍പത് വര്‍ഷം പോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത.

ദയവായി ഇത്തരം ഓഫറുകളില്‍ പോയി തലവച്ചുകൊടുക്കാതിരിക്കുക. വിവരം ഷെയര്‍ ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.