ഉക്രെയ്ന്‍ യുദ്ധത്തെ പരസ്യമായി വിമര്‍ശിച്ച പുടിന്‍ വിമര്‍ശകന് 25 വര്‍ഷം തടവ്

ഉക്രെയ്ന്‍ യുദ്ധത്തെ പരസ്യമായി വിമര്‍ശിച്ച പുടിന്‍ വിമര്‍ശകന് 25 വര്‍ഷം തടവ്

മോസ്‌കോ: ഉക്രെയ്ന്‍ യുദ്ധത്തെ പരസ്യമായി വിമര്‍ശിച്ചതിന് പുടിന്‍ വിമര്‍ശകനായ അഭിഭാഷകന് 25 വര്‍ഷം ജയില്‍ വാസം വിധിച്ച് റഷ്യന്‍ കോടതി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനായ വ്ളാഡിമിര്‍ കറ മുര്‍സയ്ക്കാണ് തടവ്. എന്നാല്‍, തനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമല്ലെന്നുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മുര്‍സ.

രാജ്യദ്രോഹം, റഷ്യന്‍ സൈന്യത്തെക്കുറിച്ച് അനാവശ്യ ഭീതി പരത്തുക, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിനെ വിമര്‍ശിക്കുന്നവരെ ജയിലാക്കുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുര്‍സ പറഞ്ഞു. അറസ്റ്റും തടവറയും ഭയക്കുന്നവര്‍ രാജ്യം തന്നെ വിട്ട് പോകുകയാണ്. മുര്‍സയ്ക്കെതിരെ സ്വീകരിച്ച നടപടിയില്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്കയുയര്‍ത്തി. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം പല സംഘടനകളും ഉന്നയിച്ചിട്ടുണ്ട്.

2015ല്‍ ക്രെംലിനിനടുത്ത് വധിക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായ ബോറിസ് നെംത്സോവിന്റെ സഹപ്രവര്‍ത്തകനാണ് മുര്‍സ. 2015ലും 2017ലും വിഷബാധ മുര്‍സയ്ക്ക് ഏറ്റിരുന്നതായും ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് യാതൊരുവിധ അറിവുമില്ലെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവനയുമിറക്കിയിരുന്നു.

2022 മാര്‍ച്ചില്‍ അരിസോണ ജനപ്രതിനിധി സഭയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് മുര്‍സ പുടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പ്രസംഗത്തില്‍ റഷ്യയുടെ ഉക്രെയ്‌നിലെ അധിനിവേശത്തെയും വിദേശത്തെ മറ്റ് പ്രസംഗങ്ങളെയും അദ്ദേഹം അപലപിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ലഭിച്ചിരിക്കുന്ന തടവ് ശിക്ഷയെന്ന് മുര്‍സ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.