ഭൂമി വിവാദത്തിൽ കത്തോലിക്കാസഭയുടെ അവസാന തീർപ്പ്: പ്രതീക്ഷയോടെ വിശ്വാസ സമൂഹം

ഭൂമി വിവാദത്തിൽ കത്തോലിക്കാസഭയുടെ അവസാന തീർപ്പ്: പ്രതീക്ഷയോടെ വിശ്വാസ സമൂഹം

2023 ജനുവരി 31 ന് കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിവില്പന പ്രശ്‌നത്തിൽ അന്തിമ വിധി പറഞ്ഞു. ആവശ്യമായ കൂടിയാലോചനകൾ നടത്തിയാണ് ഭൂമിവില്പന നടത്തിയതെന്ന് വത്തിക്കാൻ അസന്നിഗ്‌ധമായി പ്രഖ്യാപിക്കുകയാണ് ഈ ഉത്തരവിലൂടെ. വിറ്റ ഭൂമിക്ക് പറഞ്ഞുറപ്പിച്ച പണം കിട്ടാതെ വന്ന സാഹചര്യത്തിൽ ജാമ്യമായി മേടിച്ച രണ്ടു വസ്തുക്കൾ വിറ്റ് അതിരൂപതയ്ക്കു ലഭിക്കാനുള്ള പണം വസൂലാക്കാനാണ് വത്തിക്കാൻ അന്തിമ അനുമതി നൽകിയത്. ഇതു സംബന്ധിച്ച് മറ്റു യാതൊരു പരാതികളും സുപ്രീം ട്രൈബൂണൽ ഇനി സ്വീകരിക്കുകയുമില്ല. പൗരസ്ത്യ തിരുസംഘത്തിന്റെ തീരുമാനങ്ങളെ വളച്ചൊടിച്ചു ചിത്രീകരിക്കുന്ന വൈദികർക്കെതിരെ കാനോൻ നിയമം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും ഈ ഉത്തരവിൽ പറയുന്നു.

എറണാകുളം - അങ്കമാലി അതിരൂപതക്കായി ലിറ്റിൽ ഫ്ലവർ ആശുപത്രിയോട് അനുബന്ധിച്ച് ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടെ 2013 മുതലുള്ള വിവിധ ആലോചനാ സമിതി യോഗങ്ങൾ എടുത്ത തീരുമാനത്തിനനുസൃതമായി മറ്റൂരിൽ 23.5 ഏക്കർ ഭൂമി വാങ്ങി. ഇതിനായി അതിരൂപതയുടെ വരന്തരപ്പള്ളിയിലുള്ള എസ്റ്റേറ്റ് വിറ്റുകിട്ടുന്ന തുക ഉപയോഗിക്കാം എന്ന ധാരണയിലാണ് ഈ പ്രോജക്ടിനു തുടക്കമിടുന്നത്. എന്നാൽ വരന്തരപ്പള്ളി എസ്റ്റേറ്റ് ,വിറ്റു പോകാതിരുന്നതിനാൽ ഇതിനായുള്ള പണം ബാങ്ക് ലോണായി എടുത്തു. 2015 ഡിസംബറിൽ കൂടിയ ആലോചനാ സമിതി യോഗത്തിൽ അതിരൂപതയുടെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യതകൾ, അതിരൂപത വക സ്ഥലം വിറ്റ് വീട്ടുന്ന കാര്യത്തേക്കുറിച്ച് അതിരൂപത പ്രോക്യൂറേറ്ററോട് വിശദീകരണം ആരായുകയും തുടർന്നു നടന്ന ചർച്ചയിൽ ഒറ്റപ്പെട്ട വലിയ പ്ലോട്ടുകൾ വിൽക്കാതെ ചെറിയ പ്ലോട്ടുകൾ വിൽക്കുന്നതാകും നല്ലത് എന്ന അഭിപ്രായം രൂപപ്പെടുകയും ചെയ്തു. 2016 മാർച്ച് 31-നകം അതിരൂപതയുടെ സാമ്പത്തിക ബാധ്യതയെല്ലാം വീട്ടിത്തീർക്കേണ്ടതാണ് എന്നും തീരുമാനിച്ചു.

എന്നാൽ കണക്കുകൂട്ടിയതുപോലെ 2016 മാര്‍ച്ച് 31 കഴിഞ്ഞിട്ടും സ്ഥലം വില്‍ക്കുവാനോ കടം വീട്ടുവാനോ സാധിച്ചില്ല.
2016 ജൂലൈ ആറിന് ചേര്‍ന്ന യോഗത്തില്‍, നിലവിലെ ബാങ്ക് ലോണ്‍ അടക്കമുള്ള കടം 68 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നും അത് വീട്ടുന്നതിനായി അതിരൂപതയുടെ അഞ്ചു പ്ലോട്ടുകള്‍ വിൽക്കാമെന്നും തീരുമാനിച്ചു. സെന്‍റിന് ശരാശരി ഒമ്പതു ലക്ഷം രൂപാ നിരക്കില്‍ ഈ പ്ളോട്ടുകൾ വിൽക്കുവാനായിരുന്നു തീരുമാനം.
അന്നത്തെ മെത്രാപ്പോലീത്തയെക്കൂടാതെ രണ്ടു സഹായ മെത്രാന്മാരും പ്രൊക്യൂറേറ്ററും മറ്റു മുതിർന്ന വൈദികരും ഉൾപ്പെടുന്ന ആലോചനാസമിതി അന്നത്തെ പ്രൊക്യൂറേറ്ററായിരുന്ന ഫാ. ജോഷി പുതുവയെ ഈ വസ്തുക്കളുടെ വിൽപനച്ചുമതല ഏൽപ്പിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ ബ്രോക്കര്‍ വഴിയായി 36 ആധാരങ്ങള്‍ പ്രകാരം വില്‍പ്പന നടത്തിയതായി പ്രൊക്യൂറേറ്റര്‍ 2017 സെപ്റ്റംബർ 13ന് ചേർന്ന ഫിനാൻസ് കൗൺസിൽ യോഗത്തെ അറിയിക്കുകയും ചെയ്തു. ആദ്യത്തെ 20 ആധാരങ്ങള്‍ക്ക് കൃത്യമായി അതിരൂപതയുടെ അക്കൗണ്ടില്‍ പണം വന്നു, ഭൂമിയുടെ വിലയായി ലഭിക്കേണ്ട 27 കോടി രൂപയില്‍ 8.95 കോടി രൂപ ബ്രോക്കര്‍ അതിരൂപതയുടെ അക്കൗണ്ടില്‍ അടയ്ക്കുകയും ചെയ്തു. തുടര്‍ന്നുള്ള ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പണം വരുമെന്നുള്ള ഉറപ്പിന്മേല്‍ ബാക്കി സ്ഥലങ്ങൾ രജിസ്റ്റര്‍ ചെയ്തുകൊടുത്തു. എന്നാല്‍ 2017 ലെ നോട്ട് നിരോധനം മൂലമുള്ള കാരണങ്ങളാല്‍ യഥാസമയം അതിരൂപതയുടെ അക്കൗണ്ടിലേക്ക് ഭൂമി വിൽപ്പനയിൽ ലഭിക്കേണ്ടിയിരുന്ന പണം എത്തിച്ചേർന്നില്ല.

ഭൂമി വിൽപ്പനയിൽ ലഭിക്കാൻ ബാക്കിയുള്ള 18 കോടി രൂപയ്ക്കു പകരം രണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ (ദേവികുളത്ത് 17 ഏക്കറും കോതമംഗലത്തിനുടത്ത് കോട്ടപ്പടിയിലെ 25 ഏക്കറും) അതിരൂപതയ്ക്ക് ഇടനിലക്കാരൻ മുഖേന ഈടായി എഴുതി നല്‍കി. ഈ കാര്യങ്ങൾ പ്രൊക്യൂറേറ്റര്‍, 2017 നവംബർ 9 ന് ചേർന്ന ആലോചനാസമിതി യോഗത്തെ അറിയിച്ചു. 2017 നവംബര്‍ 30ന് മുമ്പായി അതിരൂപതയ്ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് ഇടനിലക്കാരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അപ്പോള്‍ ഈടായി ലഭിച്ച ഭൂമികള്‍ തിരികെ എഴുതി നല്‍കണമെന്നും പ്രൊക്യൂറേറ്റര്‍ സമിതിയെ അറിയിച്ചു.

2017 നവംബര്‍ 11-ന് കൂടിയ അതിരൂപതയുടെ ഫിനാന്‍സ് കൗണ്‍സില്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിരൂപതയുടെ സ്ഥലം വില്‍പ്പനയും വാങ്ങലും സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മൂന്ന് അംഗങ്ങളുടെ ഒരു കമ്മിറ്റിയെ നിയമിക്കുകയ്യും ചെയ്തു. സി.വി. അലക്സാണ്ടര്‍, സി.എ. ജോസഫ്, അഡ്വ ഐസക് പെരുമ്പള്ളി എന്നിവരായിരുന്നു കമ്മിറ്റിയംഗങ്ങള്‍. 2017 നവംബര്‍ 30-നകം ഇടനിലക്കാരന്‍റെ കൈയില്‍നിന്നും അതിരൂപതയ്ക്ക് ലഭിക്കേണ്ട തുക ലഭിച്ചില്ലെങ്കില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും പ്രസ്തുത യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു.എന്നാൽ 2017 നവംബര്‍ 29 നു ചേര്‍ന്ന അതിരൂപതയിലെ വൈദികരുടെ യോഗത്തില്‍ അതിരൂപതയില്‍ നടന്ന ഭൂമി വില്‍പ്പനയെ സംബന്ധിച്ച ചര്‍ച്ചകള്‍ ബഹളമയമാവുകയും ഈ വിഷയങ്ങള്‍ അന്വേഷിക്കുവാന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തിൽ ഫാ. ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയമിച്ചു. ഇതേത്തുടർന്ന് ചില വൈദികർ തെരുവിലിറങ്ങുകയും മാധ്യമങ്ങളെ സമീപിക്കുകയും ചെയ്തതോടെ സി.വി. അലക്സാണ്ടര്‍, സി.എ. ജോസഫ്, അഡ്വ ഐസക് പെരുമ്പള്ളി എന്നിവരുടെ കമ്മിറ്റിയുടെ പ്രവർത്തനം അട്ടിമറിക്കപ്പെടുകയും ചെയ്തു.

വത്തിക്കാൻ ഈ വിഷയത്തിൽ അന്വേഷണം നടത്തുകയും സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കുകയും ചെയ്തു. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ജോഷി തേലക്കാട്ട് എന്ന വ്യക്തി നൽകിയ കേസിൽ  കോടതി ആവശ്യപ്പെട്ട പ്രകാരം പോലീസ് അന്വേഷണം നടത്തുകയും സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ട് കൊടുക്കുകയും ചെയ്തു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ലക്ഷ്യമിട്ടുള്ള ആക്രമണം എല്ലാ സീമകളും അതി ലംഘിക്കുന്നതായിരുന്നു. പൗര്യസ്ത്യ  തിരുസംഘം ഉപയോഗിച്ച “റെസ്റ്റിട്യൂഷൻ” എന്ന വാക്ക് ദുരുപയോഗം ചെയ്ത് മാർ ആലഞ്ചേരി വ്യക്തിപരമായി നഷ്ടത്തിന് ഉത്തരവാദിയാണെന്നും അദ്ദേഹം ഇതിനു പരിഹാരം ചെയ്യണമെന്നുള്ള നുണപ്രചാരണങ്ങൾ ചില വിമത വൈദികരും അവരോടൊപ്പം പ്രവർത്തിക്കുന്ന ചില അല്മായരും പ്രചരിപ്പിച്ചു. ഇത്തരം പ്രചാരണങ്ങൾ വത്തിക്കാനെ വല്ലാതെ ചൊടിപ്പിച്ചു. ഇത്തരം പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ സഭാപരമായ നടപടികൾ സ്വീകരിക്കണമെന്നും വത്തിക്കാൻ സുപ്രീം ട്രൈബ്യുണൽ ആവശ്യപ്പെട്ടു.

വർഷങ്ങൾ നീണ്ട വ്യവഹാര വിവാദത്തിന് ഇതോടെ സഭാപരമായ തീർപ്പുണ്ടായതിൽ വിശ്വാസ സമൂഹം സന്തുഷ്ടരാണ്. എന്നാൽ വിവാദങ്ങൾ ഉണ്ടാക്കുകയും നുണപ്രചാരണത്തിലൂടെ സഭയെയും സഭാ തലവനെയും അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ എന്ത് നടപടികളാണ് ഉണ്ടാകുന്നതെന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.