ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു; മതേതര ദേശീയ പാര്‍ട്ടി രൂപീകരിക്കും

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു; മതേതര ദേശീയ പാര്‍ട്ടി രൂപീകരിക്കും

കൊച്ചി: മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദേഹം ആരോപിച്ചു. ഘടക കക്ഷികള്‍ക്ക് യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും മതേതര ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

വരാന്‍ പോകുന്നത് ക്രിസ്ത്യന്‍ പാര്‍ട്ടിയാണെന്ന വാര്‍ത്തകള്‍ അദേഹം നിഷേധിച്ചു. എല്ലാ സമുദായത്തില്‍പ്പെട്ട ആളുകളും അതിലുണ്ടാകും. ദേശീയ കാഴ്ചപ്പാടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ആരോടും പ്രത്യേക മമതയില്ലാതെ പ്രവര്‍ത്തിക്കണം. ആര്‍ക്കും ബദലാകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

ജോണി നെല്ലൂരിനെ കൂടാതെ മുന്‍ എംഎല്‍എമാരായ മാത്യൂ സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു എന്നിവരും എന്‍പിപിയുടെ നേതൃനിരയില്‍ ഉണ്ടാകുമെന്നാണ് സൂചന. പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച വിക്ടര്‍ ടി. തോമസും പാര്‍ട്ടിയിലുണ്ടായേക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു ജോണി നെല്ലൂര്‍.

രാജി പ്രഖ്യാപിച്ചുള്ള കത്തിന്റെ പൂര്‍ണ രൂപം:

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു. അതോടൊപ്പം കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വും 2018 മുതല്‍ വഹിച്ചുവരുന്ന യുഡിഎഫ് സെക്രട്ടറി സ്ഥാനവും രാജിവയ്ക്കുന്നു.

തികച്ചും വ്യക്തിപരമായ കാരണങ്ങളാലണ് രാജി വയ്ക്കുന്നത്. ഇക്കാലമത്രയും നാനാവിധ സഹായ സഹകരണങ്ങളും പ്രോത്സാഹനവും നല്‍കി സഹായിച്ച സംസ്ഥാനത്തെ മുഴുവന്‍ യുഡിഎഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നു.

എന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ എനിക്ക് സഹായവും സഹകരണവും നല്‍കിയ മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന കാര്യത്തില്‍ ആത്മ പരിശോധന നല്ലതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.