കാസര്‍കോട്: കണ്ണൂരിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാമുകനൊപ്പം ഒളിച്ചോടിയ മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ വച്ച് കാമുകനെ വേളി കഴിച്ചു.
കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്നീ പാര്‍ട്ടികളുടെ രാഷ്ട്രീയ രണാങ്കണമായ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അങ്കം മുറുകിയ ഘട്ടത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത ഒളിച്ചോട്ടം. ഇതോടെ ജനങ്ങളോട് എന്ത് പറയുമെന്നറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു ബിജെപി നേതാക്കളും അണികളും. ഇപ്പോഴിതാ ഒളിച്ചോടിയ ആ സ്ഥാനാര്‍ത്ഥി കാമുകനെ വിവാഹം കഴിച്ച വാര്‍ത്തയാണ് പുറത്തു വരുന്നത്.
മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മത്സരിക്കുന്ന ഭര്‍തൃമതിയായ സ്ഥാനാര്‍ത്ഥിയാണ് കാസര്‍കോട് സ്വദേശിയുമായി ഒളിച്ചോടിയത്. ഇതോടെ വാര്‍ഡില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു. ഭര്‍ത്താവും കുട്ടികളുമുള്ള ബിജെപി സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ എത്തുകയായിരുന്നു.
ചില രേഖകള്‍ എടുക്കേണ്ടതുണ്ടെന്നും അത് എടുക്കുന്നതിന് വേണ്ടി പോകുകയാണെന്നും ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും പറഞ്ഞു. എന്നാല്‍ പോയ സ്ഥാനാര്‍ത്ഥിയുടെ പൊടിപോലും പിന്നീട് കണ്ടില്ല.
ഒളിച്ചോടി കാസര്‍ഗോഡ് ജില്ലയിലെ ബേഡകത്ത് എത്തിയാണ് സ്ഥാനാര്‍ത്ഥി കാമുകനെ വിവാഹം കഴിച്ചത്. അതും ബേഡകത്തെ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ വച്ച്. ഒളിച്ചോടിയതിന്റെ പിറ്റേന്ന് ഇവര്‍ ബേഡകം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തില്‍ എത്തി വിവാഹം കഴിക്കുകയായിരുന്നു.
ഗള്‍ഫിലായിരുന്ന കാമുകന്‍ നാട്ടിലെത്തിയതോടെയാണ് വനിതാ സ്ഥാനാര്‍ത്ഥി പോരാട്ട വീര്യം മറന്ന് കാമുകനൊപ്പം കടന്നുകളഞ്ഞത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സ്ഥാനാര്‍ത്ഥി മുങ്ങിയതോടെ യുദ്ധത്തിനിടെ ആവനാഴിയിലെ അമ്പ് നഷ്ടപ്പെട്ട അവസ്ഥയിലായി ബിജെപി നേതാക്കളും അണികളും. എന്നാലും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒളിച്ചോടാമായിരുന്നില്ലേ എന്നാണ് അവരുടെ ചോദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.