കര്‍ണാടകയില്‍ ലിംഗായത്തുകള്‍ ബിജെപിയെ കൈവിടുമോ?.. സമുദായത്തെ ഒപ്പം നിര്‍ത്താന്‍ നേതാക്കളുടെ കഠിന ശ്രമം

കര്‍ണാടകയില്‍ ലിംഗായത്തുകള്‍  ബിജെപിയെ കൈവിടുമോ?.. സമുദായത്തെ ഒപ്പം നിര്‍ത്താന്‍ നേതാക്കളുടെ കഠിന ശ്രമം

ബംഗളൂരു:  പ്രമുഖ ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷമണ്‍ സവാദി തുടങ്ങിയവര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെ ലിംഗായത്ത് സമുദായത്തെ എങ്ങനെയെങ്കിലും ഒപ്പം നിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് കര്‍ണാടകയില്‍ ബിജെപി.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ലിംഗായത്ത് നേതാവുമായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് മുതല്‍ ബിജെപിയുമായി അകല്‍ച്ചയിലായിരുന്നു സംസ്ഥാനത്തെ പ്രബല സമുദായം കൂടിയ ലിംഗായത്ത് വിഭാഗം. ഇതിനിടയിലാണ് പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കി കൂടുതല്‍ ലിംഗായത്ത് നേതാക്കള്‍ കോണ്‍ഗ്രസിലെത്തിയത്.

മാത്രമല്ല ബിജെപി ലിംഗായത്ത് വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചരണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നീക്കത്തിന് തടയിടാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ വീട്ടില്‍ ചേര്‍ന്ന ബിജെപി നേതൃയോഗം തീരുമാനമെടുത്തു.

യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. ലിംഗായത്ത് സമുദായാംഗത്തെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം.

പരമ്പരാഗതമായി ബിജെപിയുടെ വോട്ടു ബാങ്കാണ് കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനമുള്ള ലിംഗായത്ത് സമുദായം. യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയ നടപടിയും ലിംഗായത്ത് നേതാക്കളുടെ പാര്‍ട്ടിയിലെ പടിയിറക്കുവമെല്ലാം ബിജെപിയോടുള്ള സമുദായത്തിന്റെ അതൃപ്തി രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലിംഗായത്ത് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ലക്ഷ്യമിട്ട് ബിജെപി തന്ത്രം മെനയുന്നത്.

യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയപ്പോള്‍ ലിംഗായത്ത് വിഭാഗത്തിന്റെ അതൃപ്തി മറികടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സമുദായാംഗം കൂടിയായ ബസവരാജ് ബൊമ്മെയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്.

എന്നാല്‍ യെദ്യൂരപ്പയ്ക്കുള്ള സ്വാധീനം ബൊമ്മെയ്ക്ക് സമുദായത്തിനിടയില്‍ ഇല്ല. നിലവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി പ്രചരണം നയിക്കുന്നത്. എങ്കിലും അധികാരം ലഭിച്ചാല്‍ ബൊമ്മെ തന്നെയാകും മുഖ്യമന്ത്രിയാവുക എന്നാണ് വിലയിരുത്തല്‍.

ബൊമ്മെയെ ഉയര്‍ത്തിക്കാട്ടിയാല്‍ സമുദായത്തിന്റെ പിന്തുണ ലഭിക്കുമോയെന്ന ആശങ്ക ബിജെപിക്കുണ്ട്. അതേസമയം മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിച്ചാല്‍ ബൊമ്മെ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നുവെന്ന പ്രചരണം കോണ്‍ഗ്രസ് ശക്തമാക്കും. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇത് വലിയ തിരിച്ചടിയാകുമെന്നും ബിജെപി ഭയക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.