കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ മനസുകളിൽ ഇടം നേടിയ സീന്യൂസ് ലൈവിന്റെ രണ്ടാം വാർഷികാഘോഷം നാളെ. കൊച്ചി പാടിവട്ടത്തെ അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന വാർഷികാഘോഷവും അവാർഡ് നൈറ്റും ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കെസിബിസി മീഡിയാ കമ്മീഷൻ ചെയർമാനും തലശേരി ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, കേരള വിഷൻ ചെയർമാൻ പ്രവീൺ മോഹൻ, സീന്യൂസ് ലൈവ് ചെയർമാൻ വർഗീസ് തോമസ് എന്നിവർ ആശംസകൾ അറിയിക്കും.
രണ്ടാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം സംഗീത സംവിധായകൻ ഔസേപ്പച്ചൻ സീറോ മലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേകരയ്ക്ക് നൽകി നിർവഹിക്കും.
വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ പൊതുരംഗത്തും മാധ്യമ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവരെ അവരുടെ സമഗ്ര സംഭാവനകളെ പരിഗണിച്ച് ആദരിക്കും. ഇതിന്റെ ഭാഗമായി ശ്രീകുമാരൻ തമ്പി (ഗാനരചയിതാവ്, സംഗീത സംവിധായകൻ, സിനിമാ സംവിധായകൻ), ആർ. ശ്രീകണ്ഠൻ നായർ (മാനേജിങ് ഡയറക്ടർ ഫ്‌ളവേഴ്‌സ് ടി വി & 24 ന്യൂസ്), ഭദ്രൻ മാട്ടേൽ (സിനിമാ സംവിധായകൻ), ദയാബായി (സാമൂഹിക പ്രവർത്തക) എന്നിവർക്ക് അവാർഡുകൾ നൽകും.
ജോണി ആന്റണി (മലയാള സിനിമ), പി.യു തോമസ് (കാരുണ്യ പ്രവർത്തനം), കുര്യാച്ചൻ തെരുവൻകുന്നേൽ (കൃഷി), ബേബി ജോൺ കലയന്താനി ( ഭക്തി ഗാനം), ബിനോയ് സെബാസ്റ്റ്യൻ ( പ്രൊഫഷണൽ), മാസ്റ്റർ പീറ്റർ ടൈറ്റസ് (പ്രത്യേക സിനിമ), ജിന്റോ ജോൺ (സാങ്കേതികം) എന്നിവർക്ക് പ്രത്യേക പുരസ്‌കാരം നൽകും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ പിന്നണി ഗായകരായ സുദീപ് കുമാർ, ചിത്രാ അരുൺ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ക്ലാസിക്കൽ നർത്തകി സോഫിയ സുദീപ് അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടാവും.
ജാതി മത കക്ഷി രാഷ്ട്രീയ വേർതിരിവുകളില്ലാതെ സത്യത്തിന്റെ പക്ഷത്തു നിന്ന് വാർത്തകളെ അപഗ്രഥിക്കാനും ജനങ്ങളിലെത്തിക്കാനും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമമാണ് സീന്യൂസ് ലൈവ്. മതനിരപേക്ഷ ചൈതന്യം ഉൾക്കൊണ്ട് സമൂഹത്തിൽ നന്മയുടെ സന്ദേശ വാഹകരാകാൻ ശ്രമിക്കുന്ന വാർത്താ മാധ്യമമായ സീന്യൂസിന് രണ്ടു വർഷത്തിനുളളിൽ ഇന്ത്യയിലും അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യു.കെ, സ്വിറ്റ്സർലൻഡ്, കാനഡ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവയടക്കം 102 രാജ്യങ്ങളിലും വായനക്കാരുണ്ട്.
2021 മെയ് 21 ന് സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ആഗോള മലയാളികളുടെ ഉടമസ്ഥതയിൽ ഗ്ലോബൽ മീഡിയ നെറ്റ്വർക്കിങ് ആരംഭിച്ച സീന്യൂസ് ലൈവ് സത്യത്തെ സത്യമായി, വാർത്തയിൽ വളച്ചൊടിക്കൽ ഇല്ലാതെ ലോകത്തെ അറിയിക്കുക എന്ന ലഷ്യം വെച്ച് മുന്നേറി.
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വാർത്തകൾ നൽകുന്ന പോർട്ടലിന് പ്രതിമാസം ഒരു കോടിയിലധികം വായനക്കാരാണുള്ളത്. ഭാരതത്തിന്റെ സംസ്‌കാരവും വൈവിധ്യങ്ങളും അഭിമാന നേട്ടങ്ങളും ലോകത്തിന്റെ അതിർത്തികൾ വരെ എത്തിക്കാൻ സീന്യൂസ് ഇംഗ്ലീഷ് പോർട്ടലും നിതാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.