ബെംഗളൂര്: അഴിമതി സാമൂഹിക വിപത്താണെന്നും അത് ഭരണത്തേയും സംസ്ഥാനത്തെ വികസനത്തെയും ബാധിച്ചിട്ടുണ്ടെന്നും കര്‍ണാടക ലോകായുക്ത ജസ്റ്റിസ് ബി.എസ് പാട്ടീല്‍. കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്തുടനീളം അഴിമതി ക്യാന്‍സര്‍ പോലെ പടര്‍ന്നെന്നും ഭരണത്തിന്റെ കാര്യക്ഷമതയെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവില്‍ നടന്ന കര്‍ണാടക റൗണ്ട് ടേബിള്‍ 2023 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും നിരാശരാക്കിയിട്ടുണ്ട്, കാരണം എല്ലാവരും അഴിമതിക്കാരല്ല. അഴിമതിക്കെതിരെ സ്ഥാപന തലത്തില്‍ നിന്ന് തന്നെ പോരാടേണ്ടത് പ്രധാനമാണ്. സ്ഥാപനം മുന്നോട്ട് പോകണം. അഴിമതി ചെയ്യുന്നവര്‍ ആരായാലും, അത് എത്ര ഉയര്‍ന്ന വ്യക്തിയായാലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം, സ്വമേധയാ നടപടിയെടുക്കാന്‍ വ്യവസ്ഥയുണ്ട്, ഞങ്ങള്‍ മുമ്പും അത്തരം നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സര്‍ക്കാര്‍ കരാറുകാരനില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയതിന് ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പയെയും മകന്‍ എംവി പ്രശാന്ത് കുമാറിനെയും ലോകായുക്ത അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. എനിക്ക് പൊതുവായ ഒരു പ്രസ്താവന നടത്താന്‍ കഴിയില്ല. വസ്തുതകള്‍ മുന്നില്‍ വെച്ചാല്‍ മാത്രമേ ഞങ്ങള്‍ നടപടിയെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസില്‍ ശരിയായ വിവരങ്ങള്‍ നല്‍കാന്‍ പരാതിക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് റെയ്ഡ് നടത്തി അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തുവെന്നും ജസ്റ്റിസ് പാട്ടീല്‍ പറഞ്ഞു. വിരൂപാക്ഷപ്പയുടെ ജാമ്യത്തെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതാണ് അഴിമതിയോടും അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരോടും ഉള്ള ജനങ്ങളുടെ മനോഭാവം. അഴിമതിക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ ഒരാള്‍ക്ക് വീരോചിതമായ സ്വീകരണം നല്‍കുന്നത് വളരെ മോശമായ പ്രവണതയാണ് സൃഷ്ടിക്കുന്നത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ രാലും പകലും ജോലി ചെയ്യാന്‍ തയ്യാറാണ്. ചില സമയങ്ങളില്‍ ജീവനക്കാരുടെ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും താനും തന്റെ സ്റ്റാഫും ഓഫീസില്‍ തുടരാറുണ്ട്. തങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അഴിമതി പരാതികള്‍ സ്വീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് ബി.എസ് പാട്ടീല്‍ പറഞ്ഞു.
ഒരു പൊതുപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അശ്രദ്ധമായ പ്രവൃത്തികള്‍, നിയുക്ത ജോലി ചെയ്യുന്നതില്‍ കാലതാമസം, ഏതെങ്കിലും തരത്തിലുളള പക്ഷപാതം തുടങ്ങിയ സംഭവങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.