ജിദ്ദ: ആഭ്യന്തര കലാപം കലുക്ഷിതമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ രക്ഷിച്ച് സൗദി നാവിക സേന. വിവിധ രാജ്യക്കാരായ 157 പേരെയാണ് സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതില്‍ 66 പേര്‍ ഇന്ത്യക്കാരാണ്.
സൗദി പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായായിരുന്നു രക്ഷാ പ്രവര്‍ത്തനം. 91 സൗദി പൗരന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്ത്യക്കാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പാകിസ്ഥാന്‍, കുവൈറ്റ്, ഖത്തര്‍ ഈജിപ്ത്, ടുനീഷ്യ, ബള്‍ഗേരിയ, ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, കാനഡ തുടങ്ങി 12 രാജ്യങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. രക്ഷപ്പെടുത്തിയവരില്‍ നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
വിദേശ പൗരന്‍മാര്‍ക്ക് സ്വന്തം രാജ്യത്തേക്കു പോകാന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സൗദി വ്യക്തമാക്കി. സുഡാനിലെ സൗദി എംബസിയിലെ ജീവനക്കാരെ നേരത്തെതന്നെ കര മാര്‍ഗം പോര്‍ട് സുഡാനിലെത്തിച്ച് അവിടെനിന്ന് വ്യോമ മാര്‍ഗം സൗദിയിലെത്തിച്ചിരുന്നു.
ഈ മാസം 15നാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പലഭാഗങ്ങളിലും വെടിവെപ്പും ബോംബാക്രമണങ്ങളും നടന്ന് വരികയാണ്. ആറ് ദിവസത്തിനിടെ 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.