മൊഹാലി: അഞ്ച് തവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്ന ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ (95) അന്തരിച്ചു. മൊഹാലിയില്‍ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1970 ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. പിന്നീട് 1977-80, 1997-2002, 2007-2012, 2012-2017 കാലഘട്ടങ്ങളിലും മുഖ്യമന്ത്രിയായി. 2012 ല്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയിലെ പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലോക്‌സഭാ എംപി കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി സ്ഥാനവും വഹിച്ചിരുന്നു.
ലാംബി മണ്ഡലമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. 11 തവണയാണ് ഇവിടെ നിന്ന് ജയിച്ച് കയറിയത്. 94-ാം വയസിലും അദ്ദേഹം തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങി. പ്രായാധിക്യം കാരണം തുടക്കത്തില്‍ മത്സരിക്കില്ലെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അവസാനം പ്രായത്തെ കടത്തിവെട്ടി അദ്ദേഹം മത്സരിക്കുകയായിരുന്നു.
1927 ഡിസംബര്‍ എട്ടിന് പഞ്ചാബിലെ മുക്ത്‌സൗര്‍ ജില്ലയിലെ മാലൗട്ടിനടുത്തുള്ള അബുള്‍ ഖുരാനയിലായിരുന്നു ജനനം. രഘുരാജ് സിങിന്റെയും സുന്ദ്രി കൗറിന്റെയും മകനാണ്. പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ പിതാവാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.