അരവിന്ദ് കെജരിവാളിന്റെ വസതി നവീകരിക്കാൻ 45 കോടി; പ്രതിഷേധവുമായി ബിജെപി

അരവിന്ദ് കെജരിവാളിന്റെ വസതി നവീകരിക്കാൻ 45 കോടി; പ്രതിഷേധവുമായി ബിജെപി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജരിവാൾ ഔദ്യോഗിക വസതി നവീകരിച്ചതിനെതിരെ വിമർശനം. 45 കോടി രൂപ നികുതിപ്പണം ചെലവാക്കിയാണ് കെജരിവാൾ ആഡംബരത്തിന്റെ രാജാവായെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുഡി ആരോപിച്ചു. സംസ്ഥാനം കോവി‍ഡ് പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴായിരുന്നു നവീകരണത്തിന്റെ പേരിലുളള ധൂർത്ത്. ഔദ്യോഗിക വാഹനമോ വസതിയോ സുരക്ഷയോ സ്വീകരിക്കില്ലെന്ന് 2013 ൽ പറഞ്ഞ കേജ്‌രിവാൾ ഇന്ന് ഔദ്യോഗിക വസതി നവീകരിക്കാൻ 45 കോടി രൂപ ചെലവാക്കിയെന്നും അദ്ദേഹം രാജി വയ്ക്കണമെന്നും ബിധുഡി പറഞ്ഞു.

അതേസമയം, 1942 ൽ നിർമിച്ച കെട്ടിടം ജീർണിച്ചതിനാലാണ് നവീകരിച്ചതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയല്ല, ഔദ്യോഗിക വസതിയാണ് നവീകരിച്ചത്. കെട്ടിടത്തിലെ കിടപ്പുമുറിയിലെയും ഓഫിസിലെയും അടക്കം സീലിങ് തകർന്നു വീണതിനെ തുടർ‌ന്ന് പിഡബ്ല്യുഡി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നവീകരണം.

കേന്ദ്ര സർക്കാർ അടക്കം ഇത്തരം നവീകരണത്തിനു പണം ചെലവാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് എസ്റ്റിമേറ്റ് പ്രകാരം 467 കോടി രൂപയും സെൻട്രൽ വിസ്ത പദ്ധതിക്ക് 20000 കോടി രൂപയുമാണ് നിശ്ചയിച്ചിരുന്നത്. ഡൽഹി ലഫ്.ഗവർണറുടെ വസതിയുടെ അറ്റകുറ്റപ്പണിക്ക് 15 കോടി രൂപയാണ് ചെലവഴിച്ചത്. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്ക് പുൽവാമ സംഭവത്തെക്കുറിച്ചു പറഞ്ഞതിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നീക്കമാണ് കെജരിവാളിനെതിരെയുള്ള ആരോപണമെന്നും എഎപി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.