കാനോനിക നിയമങ്ങളില്‍ മാറ്റം; പുതിയ കോണ്‍ഗ്രിഗേഷനുകള്‍ തുടങ്ങാന്‍ ഇനി വത്തിക്കാന്റെ അനുമതി വാങ്ങണം

കാനോനിക നിയമങ്ങളില്‍ മാറ്റം; പുതിയ കോണ്‍ഗ്രിഗേഷനുകള്‍ തുടങ്ങാന്‍ ഇനി വത്തിക്കാന്റെ അനുമതി വാങ്ങണം

വത്തിക്കാന്‍: പൗരസ്ത്യ സഭകള്‍ക്കുള്ള കാനോനിക നിയമങ്ങളില്‍ വത്തിക്കാന്‍ കാതലായ മാറ്റം വരുത്തി. ഇതുപ്രകാരം ഇനി മുതല്‍ പുതിയ മത സമൂഹങ്ങള്‍ (കോണ്‍ഗ്രിഗേഷന്‍സ്) തുടങ്ങണമെങ്കില്‍ വത്തിക്കാനില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണം.

ഡിസംബര്‍ എട്ട് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. 'അബ് ഇനീഷ്യോ' എന്ന ഒരു മോട്ടോ പ്രൊപ്രിയോ ആയി പുറത്തിറക്കിയ അപ്പസ്‌തോലിക കത്തിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ നവംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പാപ്പ ലാറ്റിന്‍ ചര്‍ച്ച് നിയമങ്ങളില്‍ സമാനമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ മത സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ലാറ്റിന്‍ ബിഷപ്പുമാര്‍ വത്തിക്കാന്റെ രേഖാമൂലമുള്ള അനുമതി തേടേണ്ടതുണ്ട്.

സമാനമായ നിയമം മുഴുവന്‍ കത്തോലിക്കാ സഭയ്ക്കും മാര്‍പാപ്പ നടപ്പാക്കുന്നുണ്ടെന്ന് ഓറിയന്റല്‍ ചര്‍ച്ചുകള്‍ക്കായുള്ള കോണ്‍ഗ്രസ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജിയോ ഡെമെട്രിയോ ഗല്ലാരോ പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ ചില മത സമൂഹങ്ങള്‍ പുതുതായി രൂപമെടുത്തിട്ടുണ്ട്. ചിലപ്പോള്‍ അത് മറ്റു ചിലതിന്റെ തനിപ്പകര്‍പ്പുകളായി മാറിയിട്ടുണ്ട്. ഈ തനിപ്പകര്‍പ്പുകള്‍ തടയാനാണ് മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോള കത്തോലിക്ക സഭയില്‍ 23 ഈസ്റ്റേണ്‍ കത്തോലിക്ക സഭാ വിഭാഗങ്ങളുണ്ട്. സ്വയം ഭരണാധികാരമുള്ളവയാണ് അവ. എന്നാല്‍ മാര്‍പ്പാപ്പയുമായി പൂര്‍ണമായും യോജിക്കുന്നു. അവയില്‍ രണ്ടെണ്ണം ഇന്ത്യയിലാണ്. സിറോ മലബാര്‍ സഭ, സിറോ-മലങ്കര സഭ എന്നിവയാണവ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.