മാര്‍പ്പാപ്പയ്ക്ക് ഹംഗറിയില്‍ ഹൃദ്യമായ വരവേല്‍പ്പ്; പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

മാര്‍പ്പാപ്പയ്ക്ക് ഹംഗറിയില്‍ ഹൃദ്യമായ വരവേല്‍പ്പ്; പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

ബുഡാപെസ്റ്റ്: ഹംഗറിയില്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഹൃദ്യമായ സ്വീകരണം. ഹംഗറി പ്രസിഡന്റ് കാറ്റലിന്‍ നൊവാക്കിന്റെ ഔദ്യോഗിക വസതിയായ സാന്‍ഡോര്‍ പാലസിലാണ് പാപ്പാ ആദ്യമായി സന്ദര്‍ശനം നടത്തിയത്. പ്രാദേശിക സമയം രാവിലെ 11:18-ന് കൊട്ടാരത്തിലെത്തിയ മാര്‍പ്പാപ്പയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. ഹംഗറിയുടെയും വത്തിക്കാന്‍ സിറ്റിയുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. മാര്‍പ്പാപ്പ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും മറ്റ് ഹംഗേറിയന്‍ ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്തു.

മാര്‍പ്പാപ്പയും പ്രസിഡന്റ് കാറ്റലിന്‍ നോവാക്കും കൊട്ടാരത്തിലെ ബ്ലൂ ഹാളില്‍ ചര്‍ച്ച നടത്തി. യോഗത്തിന്റെ ഭാഗമായി ഇരുവരും സമ്മാനങ്ങള്‍ കൈമാറി. തുടര്‍ന്ന് പ്രസിഡന്റ് നോവാക്ക് തന്റെ കുടുംബത്തെ മാര്‍പ്പാപ്പയ്ക്കു പരിചയപ്പെടുത്തി.

കാറ്റലിന്‍ നൊവാക്കുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഫ്രാന്‍സിസ് പാപ്പ രാജ്യത്തിന്റെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായും കൂടിക്കാഴ്ച നടത്തി. 'ചരിത്രപരമായും സംസ്‌കാരികമായും സമ്പന്നമായ ഹംഗറിയിലേക്ക് ഞാന്‍ ഒരു തീര്‍ത്ഥാടകനും സുഹൃത്തുമായി വരുന്നു. വിശുദ്ധരുടെയും മനോഹരമായ പാലങ്ങളുടെയും നഗരമായ ബുഡാപെസ്റ്റില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ യൂറോപ്പിനെക്കുറിച്ച് ചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അത് ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഭവനം ആയിരിക്കട്ടെ' - പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ ഔദ്യോഗിക ബുക്ക് ഓഫ് ഓണറില്‍ കുറിച്ചു.

ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയും ജീവന്റെ സംസ്‌ക്കാരത്തിനായി ശക്തിയുക്തം വാദിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് കാറ്റലിന്‍ നൊവാക്ക്. വിവാഹ- കുടുംബ മൂല്യങ്ങള്‍ക്ക് സുപ്രധാന സ്ഥാനം നല്‍കുന്ന ഹംഗറിയില്‍ പ്രസിഡന്റ് പദവിയില്‍ എത്തിയ ആദ്യത്തെ വനിതയായ കാറ്റലിന്‍ മൂന്ന് മക്കളുടെ അമ്മയുമാണ്.

മധ്യ യൂറോപ്പിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമാണ് ഹംഗറി. ജനസംഖ്യയില്‍ 60 ശതമാനം കത്തോലിക്കരാണ്. ഹംഗറിയില്‍ ക്രിസ്തുമതത്തിന് 1,000 വര്‍ഷത്തിലധികം ചരിത്രമുണ്ട്. 11-ാം നൂറ്റാണ്ടില്‍ ഹംഗറിയിലെ രാജാവായിരുന്ന സെന്റ് സ്റ്റീഫനാണ് തന്റെ രാജ്യത്തെ ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് നയിച്ചത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ ആഘാതം യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം അലയടിക്കുമ്പോഴാണ് പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26