ചങ്ങനാശേരി അതിരൂപത മാര്‍ത്തോമാ ശ്ലൈഹിക പൈതൃകത്തില്‍ വേരുന്നിയ വിശ്വാസ സമൂഹം: വത്തിക്കാന്‍ പ്രതിനിധി

ചങ്ങനാശേരി അതിരൂപത മാര്‍ത്തോമാ ശ്ലൈഹിക പൈതൃകത്തില്‍ വേരുന്നിയ വിശ്വാസ സമൂഹം: വത്തിക്കാന്‍ പ്രതിനിധി

ചങ്ങനാശേരി: ക്രിസ്തു ശിഷ്യന്‍ മാര്‍ത്തോമാ ശ്ലീഹായുടെ ശ്ലൈഹിക പൈതൃകത്തില്‍ വേരുന്നിയ വിശ്വാസ സമൂഹമാണ് ചങ്ങനാശേരി അതിരൂപതയെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ.ലെയോ പോള്‍ദോ ജിറേല്ലി.മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷിക ജൂബിലി സമാപനവും അതിരൂപത നടപ്പിലാക്കിയ പഞ്ചവത്സര അജപാലന പദ്ധതി സമാപനവും കുറിക്കുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

തന്റെ വിശ്വാസ സാക്ഷ്യം കൊണ്ടും സവിശേഷ വ്യക്തിത്വം കൊണ്ടും വൈവിധ്യങ്ങളുടെ ഈറ്റില്ലമായ ഭാരതത്തില്‍ സുവിശേഷ ദീപം തെളിക്കാന്‍ തോമാശ്ലീഹയ്ക്ക് സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എസ്.ബി കോളജിലെ കാവുകാട്ട് ഹാളില്‍ നടന്ന സമ്മേളത്തില്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വിവിധ പ്രതിസന്ധികള്‍ക്കിടയിലും ആഗോള സഭയായി സീറോ മലബാര്‍ സഭ വളര്‍ന്നത് അഭിമാനകരമാണെന്നും ഈ വളര്‍ച്ചയില്‍ ചങ്ങനാശേരി അതിരൂപത നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.


ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് കോച്ചേരി, തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ്, റവ. സി. ലിസ്മേരി എഫ്സിസി, അഡ്വ. ജോബ് മൈക്കിള്‍ എം എല്‍ എ, അഡ്വ. ജോജി ചിറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംഗമത്തോടനുബന്ധിച്ച് മാര്‍ത്തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനത്തിന്റെയും സീറോമലബാര്‍ സഭയുടെയും ചങ്ങനാശേരി അതിരൂപതയുടെയും ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന ദൃശ്യാവിഷ്‌കാരങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു. പരിപാടികള്‍ക്ക് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍.വര്‍ഗീസ് താനമാവുങ്കല്‍, റവ.ഡോ.ഐസക് ആലഞ്ചേരി, റവ. ഡോ. തോമസ് കറുക്കളം, ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നായി ആയിരകണക്കിന് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. 

ഫോട്ടോകള്‍ക്ക് കടപ്പാട് - ബോബി പൊടിപ്പാറ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.