സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനാകില്ല: ചിലവ് കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; കേരളത്തിലേക്ക് ഇല്ലെന്ന് മഅദനി

സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനാകില്ല: ചിലവ് കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; കേരളത്തിലേക്ക് ഇല്ലെന്ന് മഅദനി

ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകുന്നതിന് അകമ്പടി വാഹനങ്ങളുടെയും പൊലീസുകാരുടെയും എണ്ണവും ചിലവും കുറയ്ക്കണമെന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. അകമ്പടി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളിയത്. ഇതോടെ താന്‍ കേരളത്തിലേക്കില്ലെന്ന് മഅദനിയും നിലപാടെടുത്തു.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെയാണ് അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. ബംഗളൂരുവില്‍ ഒരു പൊലീസുകാരനാണ് സുരക്ഷ നല്‍കുന്നതെന്നും എന്നാല്‍ കേരളത്തിലേക്ക് പോകുമ്പോള്‍ ഇരുപത് പൊലീസുകാര്‍ അകമ്പടിയായി ഉണ്ടാകുമെന്നാണ് പറയുന്നതെന്ന് മഅദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഇവരുടെ ചിലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇത് സുരക്ഷയ്ക്കായി വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കുന്ന തുകയാണ്. വ്യക്തികള്‍ക്ക് ഇത് ബാധകമാകില്ലെന്നാണ് മഅദനിയുടെ അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ സുരക്ഷ ഭീഷണിയും റിസ്‌കും പരിശോധിച്ചാണ് തുക കണക്കാക്കിയതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 2018 നേക്കാള്‍ സുരക്ഷയ്ക്ക് ചിലവ് കൂടി. അതിനാലാണ് മുമ്പ് മഅദനി കേരളത്തിലേക്ക് പോയപ്പോള്‍ ഈടാക്കിയതിനെക്കാളും കൂടിയ തുക ഈടാക്കുന്നത്.

ഒരു സമയം ആറ് പോലീസുകാരുടെ സുരക്ഷ മാത്രമേ മഅദനിക്ക് ഉണ്ടാകുകയുള്ളുവെന്നും മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് പൊലീസുകാരെ നിയോഗിക്കുന്നതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മഅദനിയുടെ ആവശ്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

സുപ്രീം കോടതിയില്‍ നിന്നുണ്ടായത് അനീതിയുടെ വിധിയാണെന്നും ഇതരംഗീകരിക്കാന്‍ പ്രയാസമാണെന്നും പറഞ്ഞ മഅദനി താന്‍ കേരളത്തിലേക്ക് ഇല്ലെന്നും വ്യക്തമാക്കി. ഭീമമായ തുക കെട്ടിവെച്ച് ജന്മനാട്ടിലേക്ക് വരാനുള്ള സാഹചര്യമൊരുക്കിയാല്‍ അത് തെറ്റായ കീഴ് വഴക്കത്തിന് വഴിയൊരുക്കും. മരണത്തെ നേരിടേണ്ടിവന്നാലും അനീതിയുമായി സന്ധിചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിഭാഷകരുമായി സംസാരിച്ച് മുന്നോട്ടുള്ള നിയമ നടപടികള്‍ ആലോചിക്കും. അനീതിയുടെ വക്താക്കള്‍ക്ക് ഒപ്പം നിന്ന് അനീതിയുടെ വിധികള്‍ അംഗീകരിച്ച് മുന്നോട്ട് പോകുന്നത് പ്രയാസകരമാണ്. തന്റേത് ധിക്കാരത്തിന്റെ ശബ്ദമല്ല, നീതി നിഷേധിക്കപ്പെടുന്ന വ്യക്തിയുടെ വേദനയോടുകൂടിയുള്ള ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.