അഹമ്മദാബാദ്: മോഡി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയും. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റിസ് ഹേമന്ത് പ്രചക് തള്ളി.
ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും.
കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരായ പ്രധാന അപ്പീലില്‍ മെയ് 20 ന് മാത്രമേ വാദം തുടങ്ങൂ. ഇതില്‍ തീര്‍പ്പാകും വരെ രാഹുലിനു ലഭിച്ച ജാമ്യം തുടരും.
'മോഷ്ടാക്കള്‍ക്കെല്ലാം മോഡിയെന്നു പേരുള്ളത് എന്തുകൊണ്ട്' എന്ന് രാഹുല്‍ പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേശ് മോഡി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ മാസം 23 ന് സൂറത്ത് മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമായിരുന്നു കേസിനാസ്പദമായ സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.