'കേരള സ്റ്റോറി' നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

'കേരള സ്റ്റോറി' നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: വിവാദ ചലച്ചിത്രം 'ദി കേരള സ്റ്റോറി' നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് 'ദി കേരള സ്റ്റോറി'യില്‍ പറയുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുന്നോടിയായി സമാന ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് 'ദി കേരള സ്റ്റോറി'യുടെ നിര്‍മാതാക്കളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. സിനിമയ്‌ക്കെതിരെ ഹര്‍ജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 'ദി കേരള സ്റ്റോറി'ക്കെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

കേരള സ്റ്റോറിക്ക് അടിയന്തരമായി സ്റ്റേ വേണമെന്ന ഹര്‍ജിയിലെ ആവശ്യം ഇന്നലെ കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. സിനിമ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ എന്‍ജിഒ ഭാരവാഹിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ ടീസറിന്റെ പരാമര്‍ശങ്ങള്‍ സിനിമയുടെ പൂര്‍ണ ഉദ്ദേശ്യമായി കണക്കാക്കാന്‍ സാധിക്കുമോ എന്നും നിങ്ങള്‍ ടീസര്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂ ചിത്രം കണ്ടിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു.

ഒപ്പം ടീസര്‍ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്ന ചോദ്യവും ഹര്‍ജിക്കാരന് നേരെ കഴിഞ്ഞ ദിവസം ഉന്നയിച്ചു. മെയ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

അതേസമയം കേരള സ്റ്റോറിയ്ക്ക് 'എ' സര്‍ട്ടിഫിക്കറ്റും പത്ത് ഉപാധികളോടെ പ്രദര്‍ശനാനുമതിയും നല്‍കി സെന്‍സര്‍ബോര്‍ഡ്. മുന്‍ മുഖ്യമന്ത്രി വി. എസ് അച്ചുതാനന്ദന്റെ അഭിമുഖം ഒഴിവാക്കണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് എന്ന പ്രയോഗം പാടില്ല തുടങ്ങിയവയാണ് ഉപാധികള്‍. സെന്‍സര്‍ ബോര്‍ഡ് വ്യവസ്ഥകള്‍ അംഗീകരിച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന്

സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞത്, വി.എസ് അച്യുതാനന്ദന്‍ 2010ല്‍ നടത്തിയ പ്രസ്താവനയില്‍ നിന്നാണ് തനിക്ക് സിനിമയുടെ ആശയം ലഭിച്ചത് എന്നാണ്. അദ്ദേഹത്തിന്റെ അഭിമുഖം ഒഴിവാക്കുമെങ്കിലും ആ സംഭാഷണം മറ്റൊരു രീതിയില്‍ സിനിയില്‍ ഉള്‍ക്കൊള്ളിക്കും.

സിനിമയെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണ്. ഇസ്ലാമിനെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമര്‍ശവും ഇല്ല. സിനിമയ്ക്കായി ബി.ജെ.പിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല സിനിമ നിര്‍മ്മിച്ചത്. ഭീകരതയ്ക്ക് എതിരെയാണ് സിനിമ. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുന്നതാണ് പ്രമേയം. ലൗ ജിഹാദ് എന്ന പരാമര്‍ശം ഇല്ല. മതപരിവര്‍ത്തനത്തിലൂടെ രാജ്യം വിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചു നില്‍ക്കുന്നു. - സുദീപ്‌തോ സെന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സിനിമയുടെ യുട്യൂബ് ട്രെയിലര്‍ വിവരണം തിരുത്തി. കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ എന്നത് കേരളത്തിലെ മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാണ് തിരുത്ത്. 32,000 പെണ്‍കുട്ടികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശം വിവാദമായിരുന്നു.
ഒഴിവാക്കേണ്ടത്
1.മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം
2.പാകിസ്ഥാന്‍ വഴി അമേരിക്ക ഭീകരരെ സഹായിക്കുന്നു
3.കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഹൈന്ദവ ആചാരങ്ങള്‍ അനുവദിക്കുന്നില്ല
4.ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള അനുചിതമായ പരാമര്‍ശങ്ങള്‍
5.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാപട്യക്കാര്‍ എന്നതിലെ 'ഇന്ത്യന്‍' എന്ന പദം
6. വേശ്യകള്‍ എന്ന പദം ഒഴിവാക്കി ലൈംഗിക അടിമകള്‍ എന്നാക്കണം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.