പുടിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിക്കാന്‍ ശ്രമിച്ചു; ഉക്രെയ്‌നെതിരെ ഗുരുതര ആരോപണവുമായി റഷ്യ; നിഷേധിച്ച് സെലന്‍സ്‌കി

പുടിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിക്കാന്‍ ശ്രമിച്ചു; ഉക്രെയ്‌നെതിരെ ഗുരുതര ആരോപണവുമായി റഷ്യ; നിഷേധിച്ച് സെലന്‍സ്‌കി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് പുടിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ ഉക്രെയ്ന്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി റഷ്യ. ആക്രമണത്തിന് ഉപയോഗിച്ച രണ്ടു ഡ്രോണുകള്‍ പ്രസിഡന്റിന്റെ ക്രെംലിനിലെ ഔദ്യോഗിക വസതിക്കു സമീപത്തായി വെടിവെച്ചിട്ടുവെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യന്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, പുടിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉക്രെയ്ന്‍ തള്ളി. ക്രെംലിന്‍ ആക്രമണവുമായി ബന്ധമില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും ഉക്രെയ്ന്‍ പ്രസിഡന്റിന്റെ വക്താവ് മിഖൈലോ പൊഡോലിയാക് പറഞ്ഞു.

'ക്രെംലിനില്‍ നടന്ന ഡ്രോണ്‍ ആക്രമണവുമായി ഉക്രെയ്‌ന് യാതൊരു ബന്ധവുമില്ല. ഉക്രെയ്‌നെതിരെ വലിയ ആക്രമണം നടത്താന്‍ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിത്. ഒരു വര്‍ഷത്തോളമായി നടക്കുന്ന റഷ്യന്‍ അധിനിവേശത്തിന് വന്‍ തിരിച്ചടി നല്‍കാന്‍ രാജ്യം തയാറാണെന്നും ഉക്രെയ്ന്‍ മുന്നറിയിപ്പ് നല്‍കി.

ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും ആരോപണം നിഷേധിച്ചു. തങ്ങള്‍ പുടിനെയോ മോസ്‌കോയെയോ ആക്രമിക്കുന്നില്ലെന്നും ഞങ്ങള്‍ ഞങ്ങളുടെ പ്രദേശത്താണ് പോരാടുന്നതെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം 14 മാസം പിന്നിടുമ്പോഴാണ് ഗുരുതര ആരോപണവുമായി റഷ്യ രംഗത്തെത്തുന്നത്. നേരത്തെയും സമാന ആരോപണങ്ങള്‍ റഷ്യ ഉന്നയിച്ചിരുന്നുവെങ്കിലും ആദ്യമായാണ് പ്രസിഡന്റ് പുടിനെ ഉക്രെയ്ന്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ചു ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പ്രത്യേക റഡാര്‍ സംവിധാനം ഉപയോഗിച്ചു ഡ്രോണുകള്‍ നിര്‍വീര്യമാക്കിയെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും ഔദ്യോഗിക വസതിയായ ക്രെംലിന്‍ കൊട്ടാരത്തിന് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും റഷ്യ വിശദമാക്കുന്നു.

ആസൂത്രിത ഭീകരപ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും റഷ്യന്‍ പ്രസിഡന്റിന്റെ ജീവനെടുക്കുകയായിരുന്നു ലക്ഷ്യമെന്നും റഷ്യ ആരോപിച്ചു. സംഭവസമയം പുടിന്‍ വസതിയില്‍ ഇല്ലായിരുന്നുവെന്ന് റഷ്യ അറിയിച്ചു.

ആക്രമണത്തിന്റെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന്‍ കൊട്ടാരത്തിന്റെ മിനാരത്തിനു സമീപത്തായി ഡ്രോണ്‍ എത്തുന്നതും വെടിവെച്ചിട്ടതിനെ തുടര്‍ന്നു പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെ തുടര്‍ന്നു അനധികൃതമായി ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചതായി മോസ്‌കോ മേയര്‍ അറിയിച്ചു. മെയ് ഒന്‍പതിനു നടത്താന്‍ തീരുമാനിച്ച വിക്ടറി പരേഡില്‍ മാറ്റമില്ലെന്നും ക്രെംലിന്‍ അറിയിച്ചു.

ആക്രമണത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്നും ആവശ്യമായ സമയത്ത് ഇതിന് തിരിച്ചടി നല്‍കുമെന്നും വ്യക്തമാക്കി റഷ്യ സ്വരം കടുപ്പിച്ചിട്ടുണ്ട്. നേരത്തെയും ഇത്തരം ആക്രമണ-പ്രത്യാക്രമണ ആരോപണങ്ങളുമായി ഇരു രാജ്യങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. എങ്കിലും റഷ്യന്‍ പ്രസിഡന്റിനെ വധിക്കാനുള്ള നീക്കം നടത്തിയെന്ന ആരോപണം ഇതാദ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.