കുവൈറ്റ് സിറ്റി: ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിലേക്കുള്ള എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.യു.എം.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്. തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) മെയ് 7ന് ജലീബ് അൽ ഷുവൈക്കിലുള്ള(അബ്ബാസിയാ) ഇന്ത്യൻ എഡ്യൂക്കേഷൻ സ്കൂളിൽ (ഭാരതീയ വിദ്യാഭവൻ) വച്ച് നടക്കും. രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 2.50 വരെയാണ് സമയം.
രാജ്യത്തെ എല്ലാ മെഡിക്കൽ കോഴ്സിലേക്കും നടത്തുന്ന ഏക പ്രവേശന പരീക്ഷയായതിനാൽ കർശന നിയന്ത്രണമാണ് പരീക്ഷ നടത്തിപ്പിൽ അധികൃതർ സ്വീകരിക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങൾ പലപ്പോഴും വിവാദങ്ങളും ആകാറുണ്ട്. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയാണ്(എൻ.ടി.എ.) പരീക്ഷ നടത്തുന്നത്.
എൻ.ടി.എ.യുടെ വെബ്സൈറ്റിൽ നിന്നും ഇന്നലെ മുതൽ അഡ്മിറ്റ് കാർഡുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമായിത്തുടങ്ങി. പരീക്ഷാഹാളിലെ നിരോധിത വസ്തുക്കൾ താഴെപ്പറയുന്നവയാണ്: ടെക്സ്റ്റ് ബുക്കുകൾ, പേപ്പറുകൾ, പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പെൻഡ്രൈവുകൾ, ലോഗരിതം, സ്കെയിൽ, ഇലക്ട്രോണിക് പെൻ, സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വാലറ്റ്, ബെൽറ്റ്, ക്യാപ്പ്, ഹാൻഡ് ബാഗുകൾ,വാച്ച്, ബ്രേസ് ലൈറ്റ്, ക്യാമറ, ആഭരണങ്ങൾ, ലോക്കറ്റ്, പാർഴ്സൽ ഭക്ഷണം.
എൻ.ടി.എ.യുടെ പ്രധാന നിർദ്ദേശങ്ങൾ:
എൻട്രൻസ് ടെസ്റ്റ് 2023 മെയ് 7 ഞായറാഴ്ച രാവിലെ 11:30 മുതൽ 02:50 വരെയാണ് (കുവൈത്ത് സമയം). N.T.A. നൽകുന്ന ബ്ലാക്ക് ബോൾ പോയിന്റ് പേന ഉപയോഗിച്ച് O.M.R.ഷീറ്റിൽ ഉത്തരം നൽകണം.
മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റുമാണ് പരീക്ഷയുടെ ദൈർഘ്യം.
അപേക്ഷകരായ വിദ്യാർഥികൾ തങ്ങൾക്ക് ലഭിച്ച അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന സമയം അനുസരിച്ച് റിപ്പോർട്ട് ചെയ്യണം. അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന സമയം ഇന്ത്യൻ സ്റ്റാൻഡേർഡ് സമയമാകാമെന്നത് ശ്രദ്ധിക്കണം. ആയതിനാൽ ഈ സമയം കുവൈറ്റിലെ പ്രാദേശിക സമയത്തേക്ക് മാറ്റാൻ നിർദേശിക്കുന്നു.
രാവിലെ 10.45 ന് ശേഷം (കുവൈത്ത് സമയം) ആരെയും പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. അതിനാൽ ട്രാഫിക്, കാലാവസ്ഥ മുതലായ ഘടകങ്ങൾ കണക്കിലെടുത്ത് വിദ്യാർത്ഥികൾ വളരെ നേരത്തെ തന്നെ പരീക്ഷാകേന്ദ്രത്തിലേക്ക് എത്താൻ ശ്രമിക്കണം.
അപേക്ഷകർ എൻ.ടി.എ. വെബ്സൈറ്റായ “https://neet.nta.nic.in”-ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. എൻ.ടി.എ. വെബ്‌സൈറ്റിലും അഡ്മിറ്റ് കാർഡിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കാനും പരീക്ഷാ നടത്തിപ്പിൽ അവ സൂക്ഷ്മമായി പാലിക്കാനും നിർദ്ദേശിക്കുന്നുണ്ട് . അപേക്ഷകർ അഡ്മിറ്റ് കാർഡിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന സാധനങ്ങൾ മാത്രമേ കൊണ്ടുവരാവൂ.
മെയ് 7ന് രാവിലെ 8.30 മുതൽ പരീക്ഷാകേന്ദ്രത്തിൽ രജിസ്‌ട്രേഷൻ ഡെസ്‌ക് സജ്ജീകരിക്കും. അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും ഉള്ള വിദ്യാർത്ഥികൾക്ക് മാത്രമേ രജിസ്‌ട്രേഷൻ ഏരിയയിലേക്ക് പ്രവേശനം അനുവദിക്കൂ. ഒരു കാരണവശാലും രക്ഷിതാവിനോ മറ്റുള്ളവർക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല.
പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളെ മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെയുള്ള പരിശോധനയ്ക്കും തെർമൽ ഉപകരണങ്ങൾ ഉപയോഗിച്ച് താപനില പരിശോധനയ്ക്കും വിധേയമാക്കാം. അഡ്മിറ്റ് കാർഡ്, സാധുതയുള്ള ഐഡി പ്രൂഫ്, ശരിയായ പരിശോധന എന്നിവ കൂടാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
വിദ്യാർത്ഥികളുടെ സ്വകാര്യ വസ്‌തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പരീക്ഷാ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കില്ല. കേന്ദ്രത്തിനുള്ളിൽ ഏതെങ്കിലും വിദ്യാർത്ഥിയുടെ കൈവശം വിലക്കപ്പെട്ട വസ്തുക്കൾ കണ്ടെത്തിയാൽ, അത് അന്യായമായ മാർഗ്ഗമായി കണക്കാക്കുകയും എൻ.ടി.എ. മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി അത്തരം വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.
എൻ.ടി.എ.നിർദ്ദേശിച്ച ഡ്രസ് കോഡ് വിദ്യാർത്ഥി പാലിക്കണം. കട്ടിയുള്ള സോളുകളുള്ള പാദരക്ഷകൾ, വലിയ ബട്ടണുകളുള്ള വസ്ത്രങ്ങൾ എന്നിവ അനുവദനീയമല്ല
പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് ഒരു വിദ്യാർത്ഥിയെയും പരീക്ഷാ മുറി വിടാൻ അനുവദിക്കില്ല.
പരീക്ഷാകേന്ദ്രത്തിന് അകത്തോ പുറത്തോ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വിദ്യാർത്ഥികളുടെ സുഗമവും സമയബന്ധിതവുമായ പ്രവേശനം ഉറപ്പാക്കുന്നതിന് പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ വിദ്യാർത്ഥികളെ ഡ്രോപ്പ് ചെയ്യുകയും പിക്കപ്പ് ചെയ്യുകയും വേണം.
രജിസ്‌ട്രേഷൻ ഡെസ്‌കിൽ എത്തുമ്പോൾ വിദ്യാർത്ഥികൾ അവരുടെ മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷാകർത്താവിന്റെ അടിയന്തര കോൺടാക്റ്റ് നമ്പർ നൽകേണ്ടതുണ്ട്.
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും N.T.A. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ, മൊബൈൽ നമ്പറുകളിലെ S.M.S. എന്നിവ പരിശോധിക്കണം.
എന്തെങ്കിലും കാര്യത്തിൽ വ്യക്തത ആവശ്യമുള്ളവർ, മുഴുവൻ വിലാസവും മൊബൈൽ നമ്പറുകൾ എന്നിവയുൾപ്പെടെ principal@[email protected] എന്ന ഐഡിയിലേക്ക് ഇമെയിൽ അയയ്ക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.