മാധ്യമപ്രവര്‍ത്തകരെ തുറുങ്കിലടയ്ക്കുന്നത് അവസാനിപ്പിക്കണം; മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയില്‍ ആശങ്കയുമായി യു.എന്‍

മാധ്യമപ്രവര്‍ത്തകരെ തുറുങ്കിലടയ്ക്കുന്നത് അവസാനിപ്പിക്കണം; മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയില്‍ ആശങ്കയുമായി യു.എന്‍

ന്യൂയോര്‍ക്ക്: ലോകമെമ്പാടും മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. മറ്റെല്ലാ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യത്തെ ആശ്രയിച്ചാണെന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ സംസാരിക്കവെ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഓര്‍മിപ്പിച്ചു. സ്വന്തം ജോലി നിര്‍വഹിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.

'നമ്മുടെ എല്ലാ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യത്തെ ആശ്രയിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെയും നീതിയുടെയും അടിത്തറയായ ഈ മൗലികാവകാശത്തെ മാനിക്കാനും ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാരുകള്‍ക്കു കടമയുണ്ടെന്നും ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റിന്റെ കണക്കനുസരിച്ച് 2022 ല്‍ മാത്രം 67 മാധ്യമ പ്രവര്‍ത്തകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 47 ആയിരുന്നു ഈ കണക്ക്. 80 ശതമാനം പേരും അവരുടെ ജോലിക്കിടയിലാണ് കൊല്ലപ്പെട്ടത്.

മാധ്യമ വ്യവസായം ചുരുക്കം ചിലരുടെ കൈകളിലേക്ക് മാറുകയാണെന്ന് അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. പല സ്വതന്ത്ര വാര്‍ത്താ മാധ്യമങ്ങളും അടച്ചുപൂട്ടുന്നതും ദേശീയ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമാക്കി മാധ്യമപ്രവര്‍ത്തകരെ ഞെരുക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടുതല്‍ ഭീഷണിലാക്കുന്നു. തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും സത്യത്തിന് ഭീഷണിയായി മാറുന്നു. വസ്തുതയ്ക്കും ഫിക്ഷനും ഇടയില്‍, ശാസ്ത്രത്തിനും ഗൂഢാലോചനയ്ക്കും ഇടയില്‍ സത്യത്തിന്റെ വരികള്‍ മങ്ങിപ്പോകുന്നു - അദ്ദേഹം പറഞ്ഞു.

എല്ലാ വര്‍ഷവും മെയ് മൂന്നിനാണ് ലോക മാധ്യമ സ്വാതന്ത്ര്യദിനം ആചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും അവര്‍ നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും ഓര്‍മ്മിപ്പിക്കുന്ന ദിവസമാണിത്. 1993-ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ മുപ്പതാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.

ഓരോ വര്‍ഷവും വ്യത്യസ്തമായ പ്രമേയമാണ് ലോക മാധ്യമ സ്വാതന്ത്ര്യദിനാഘോഷത്തിനുള്ളത്. സമകാലിക ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രമേയം തയ്യാറാക്കുന്നത്. ഈ വര്‍ഷത്തെ ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം ''അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താം: ആവിഷ്‌കാര സ്വാതന്ത്ര്യമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം'' (വെമുശിഴ മ ളൗൗേൃല ീള ൃശഴവെേ: ളൃലലറീാ ീള ലഃുൃലശൈീി മ െമ റൃശ്‌ലൃ ീള മഹഹ ീവേലൃ വൗാമി ൃശഴവെേ) എന്നതാണ്.

വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 31 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം ഗുരുതരമായ അവസ്ഥയിലാണ്. രണ്ട് വര്‍ഷം മുന്‍പ് 21 രാജ്യങ്ങളില്‍ മാത്രമായിരുന്നു ഗുരുതരാവസ്ഥ നിലനിന്നിരുന്നത്.

സ്വേച്ഛാധിപത്യ സര്‍ക്കാരുകളുടെയും ജനാധിപത്യ സര്‍ക്കാരുകളായി കണക്കാക്കപ്പെടുന്നവരുടെയും തെറ്റായ പ്രചാരണങ്ങളുടെയും പ്രവണതകളുടെയും ഫലമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് (ആര്‍എസ്എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

നോര്‍വെ, അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് മാധ്യപ്രവര്‍ത്തനത്തിന് മികച്ച സാഹചര്യമുള്ളത്. അമേരിക്ക പട്ടികയില്‍ 45-ാം സ്ഥാനത്താണ്. അമേരിക്കയിലെ സാഹചര്യം തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നോര്‍ത്ത് കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ഗുരുതര സ്ഥിതിയുള്ളത്.

ഉക്രെയ്ന്‍ അധിനിവേശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിനെ അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് റഷ്യ ഒന്‍പതു സ്ഥാനങ്ങള്‍ താഴേക്ക് പോയി 164-ല്‍ എത്തി.

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ആണ് എല്ലാ വര്‍ഷവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഗോള റാങ്കിങ് പുറത്തിറക്കുന്നത്. ജര്‍മനിയില്‍ ജേണലിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങളുടെ വര്‍ധന കാരണം, റാങ്കിങ്ങില്‍ അഞ്ച് സ്ഥാനങ്ങള്‍ ഇടിഞ്ഞ് 21-ാം സ്ഥാനത്തേക്ക് താഴ്ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.