അതിരൂപതയുടെ സ്ഥലവില്‍പ്പന: ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

 അതിരൂപതയുടെ സ്ഥലവില്‍പ്പന: ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്നും വിശ്വാസികളും പൊതുസമൂഹവും സത്യം തിരിച്ചറിയണമെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

ഇതു സംബന്ധിച്ച് മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വടക്കേകര വി.സി വിശദീകരണക്കുറിപ്പ് പുറത്തിറക്കി. വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ:

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ ഉയന്നയിച്ച ആരോപണങ്ങളില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തീരുമാനം അഭിവന്ദ്യ പിതാവിനെ എല്ലാ ആരോപണങ്ങളില്‍നിന്നും വിമുക്തനാക്കുന്നതാണ്.

2021 ജൂണ്‍ 21-ാം തിയ്യതി പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം നല്‍കിയ ഈ വിധി തീര്‍പ്പിനെതിരെയാണ് അതിരൂപതാംഗമായ ബഹു. ഫാ. വര്‍ഗീസ് പെരുമായന്‍ കത്തോലിക്കാസഭയുടെ പരമോന്നത കോടതിയായ അപ്പസ്‌തോലിക് സിഞ്ഞത്തൂരായില്‍ അപ്പീല്‍ നല്‍കിയത്.

ഈ അപ്പീല്‍ നിരാകരിച്ചുകൊണ്ട് 2023 മാര്‍ച്ച് 14-ാം തിയ്യതി അപ്പസ്‌തോലിക് സിഞ്ഞത്തൂര അന്തിമ വിധിതീര്‍പ്പ് നല്‍കി ഉത്തരവിറക്കിയപ്പോള്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പിനെ കുറ്റക്കാരനാക്കാനുള്ള അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ ആവര്‍ത്തിച്ചുള്ള പരിശ്രമമാണ് പരാജയപ്പെട്ടത്.

സഭയുടെ പരമോന്നത നീതിപീഠം ഫാ. പെരുമായന്‍ നല്‍കിയ അപ്പീല്‍ നിരാകരിച്ചതിലൂടെ പൗരസ്ത്യ തിരുസംഘം നല്‍കിയ തീരുമാനങ്ങള്‍ നിലനില്‍ക്കുന്നുന്നുവെന്നത് നിയമനിര്‍വഹണവ്യവസ്ഥ അറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്.

പൗരസ്ത്യ തിരുസംഘം 2021 ജൂണ്‍ 21-ാം തിയ്യതി വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്: 1. കോട്ടപ്പടിയിലും ദേവികുളത്തും ഈടായി വാങ്ങിയ സ്ഥലങ്ങളുടെ വില്പനയിലൂടെയാണ് റെസ്റ്റിറ്റിയൂഷന്‍ നടത്തേണ്ടത്. 2. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് വ്യക്തിപരമായി റെസ്റ്റിറ്റിയൂഷന്‍ നടത്തണമെന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം ഒരിക്കലും നിര്‍ദ്ദേശിച്ചിട്ടില്ല. 3. വ്യക്തിപരമായി റെസ്റ്റിറ്റിയൂഷന്‍ നടത്തണമെന്ന പ്രചാരണം തെറ്റാണ്. ആ തെറ്റ് നിര്‍ബന്ധപൂര്‍വം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കാനോനികമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.

പൗരസ്ത്യ തിരുസംഘത്തിന്റെ ഈ തീരുമാനങ്ങള്‍ ശരിവെച്ചുകൊണ്ടാണ് അപ്പസ്‌തോലിക് സിഞ്ഞത്തൂര ഫാ. പെരുമായന്റെ അപ്പീല്‍ തള്ളിക്കൊണ്ട് അന്തിമ വിധിതീര്‍പ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സഭാദ്ധ്യക്ഷനെ കുറ്റക്കാരനാക്കി പുകമറയ്ക്കുള്ളില്‍ നിര്‍ത്താനുള്ള പരിശ്രമത്തിനേറ്റ തിരിച്ചടിയില്‍നിന്നാണ് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്.

യാഥാര്‍ഥ്യത്തെ തമസ്‌കരിക്കാനും അസത്യ പ്രചാരണത്തിലൂടെ തെറ്റായ പൊതുബോധം സൃഷ്ടിക്കാനുമുള്ള അവസാനത്തെ പരിശ്രമം മാത്രമാണിതെന്ന് ഇതിലൂടെ വ്യക്തമാണ്. ഇത്തരം ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്നും വിശ്വാസികളും പൊതുസമൂഹവും സത്യം തിരിച്ചറിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഫാ. ആന്റണി വടക്കേകര വി.സി.
പി.ആര്‍.ഒ & സെക്രട്ടറി, മീഡിയാ കമ്മീഷന്‍

മെയ് 05, 2023



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.