കാണ്ടമാല്‍ മിഷനറി ഫാ. സൈമണ്‍ എലുവത്തിങ്കല്‍ നിര്യാതനായി

കാണ്ടമാല്‍ മിഷനറി ഫാ. സൈമണ്‍ എലുവത്തിങ്കല്‍  നിര്യാതനായി

തൃശൂര്‍: ഒഡീഷയിലെ ബെരഹാംപൂര്‍ രൂപതാംഗവും തൃശൂര്‍ കുരിയച്ചിറ നെഹ്‌റു നഗര്‍ സ്വദേശിയുമായ ഫാ. സൈമണ്‍ എലുവത്തിങ്കല്‍ (സൈമണച്ചന്‍-54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം തിങ്കളാഴ്ച കുരിയച്ചിറ സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍. ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നെഹ്‌റു നഗറിലുള്ള സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ബെരഹാംപൂര്‍ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന ഫാ.സൈമണ്‍ ഒരു മാസം മുമ്പാണ് ധ്യാന ശുശ്രൂഷക്കായി ന്യൂഡല്‍ഹിയില്‍ എത്തിയത്. ഇതിനിടെ . ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആകസ്മിക അന്ത്യം.

കുരിയച്ചിറ എലുവത്തിങ്കല്‍ ആന്റണി - സിസിലി ദമ്പതികളുടെ ആറ് മക്കളില്‍ മൂന്നാമനായി 1966 ഏപ്രില്‍ 18 ന് ജനിച്ച ഫാ. സൈമണ്‍ തൃശൂരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1987 ജൂണ്‍ 25ന് ഒഡീഷയിലെ റായ്ഗഡ് സെന്റ് പീറ്റേഴ്‌സ് മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1997 ഒക്ടോബര്‍ അഞ്ചിന് ബെരഹാംപൂര്‍ ക്വൂന്‍ ഓഫ് ദ മിഷന്‍ കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോസഫ് ദാസില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.

കത്തീഡ്രല്‍ അസിസ്റ്റന്റായി വൈദിക ശുശ്രൂഷ ആരംഭിച്ച ഫാ. സൈമണ്‍ അവസാന വര്‍ഷം രൂപത വിശ്വാസ പരിശീലനത്തിന് നേതൃത്വം കൊടുത്തതൊഴിച്ച് ബാക്കി ഏതാണ്ട് മുഴുവന്‍ സമയവും കുമദ, ഗോദഗോട്ട, പുതിലിപംഗ, ഡാതൊലിംഗ് എന്നിവിടങ്ങളിലെ ആദിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ചു. അതിനിടയില്‍ രണ്ടു വര്‍ഷം ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സില്‍ ഉപരിപഠനം നടത്തി.

ആദിവാസി ജനതക്കായുള്ള അജപാലന ശുശ്രൂഷക്കിടയിലും ദൈവശാസ്ത്രത്തിലും ബൈബിള്‍ വിജ്ഞാനീയത്തിലും അഗാധ ഗ്രാഹ്യമുണ്ടായിരുന്നതിനാല്‍ കല്‍ക്കട്ട മോര്‍ണിംഗ് സ്റ്റാര്‍ ഉള്‍പ്പെടെ നിരവധി സെമിനാരികളിലും രൂപതകളിലും അദ്ധ്യാപകനായും ധ്യാന ഗുരുവായും സേവനത്തില്‍ മുഴുകിയിരുന്നു. അവധിക്ക് നാട്ടിലെത്തുമ്പോള്‍ കേരളത്തില്‍ പല രൂപതകളിലും ധ്യാനം, ക്ലാസ്, സെമിനാര്‍ എന്നിവയ്ക്കായി സമയം കണ്ടെത്തുമായിരുന്നു.

കത്തോലിക്കസഭ സുഹൃത്തുക്കള്‍ക്കിടയില്‍ 'റീത്തുകളുടെ സംഗ്രഹം' എന്നറിയപ്പെടുന്ന സൈമണച്ചന്‍ സീറോ മലബാര്‍ റീത്തില്‍ ജനിച്ചു വളര്‍ന്ന് ലത്തീന്‍ റീത്തില്‍ പൗരോഹിത്യ പരിശീലനവും തിരുപ്പട്ടവും സ്വീകരിച്ച് അജപാലന ശുശ്രൂഷ നടത്തി. കുറച്ചു വര്‍ഷങ്ങളായി മലങ്കര റീത്തിലെ വടക്കേ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ സഹകരിച്ചും സഹായിച്ചും മുമ്പോട്ടു പോയി. സൈമണച്ചന്റെ അവസാന ദിവസങ്ങള്‍ മലങ്കര ഡല്‍ഹി ഭദ്രാസനാധിപനോടും വൈദികരോടും ഒപ്പം ആയിരുന്നു.

ഒഡീഷയിലെ സാധാരണക്കാരായ ജനങ്ങളോട് അങ്ങേയറ്റം അടുത്തിടപഴകിയിരുന്ന സൈമണച്ചന് ഒഡിയ ഭാഷയിലും ഗോത്രഭാഷ കളിലും അതീവ നൈപുണ്യമുണ്ടായിരുന്നതിനാല്‍ ഒഡിയ സാഹിത്യ സദസുകളില്‍ സജീവ സാന്നിധ്യമായിരുന്നു. വിശുദ്ധ ബൈബിള്‍ ഹീബ്രു, ഗ്രീക്ക്, അറമായ എന്നീ ഭാഷകളില്‍ നിന്ന് ഒഡിയ ഭാഷയിലേക്ക് നേരിട്ട് തര്‍ജ്ജിമ ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു അദ്ദേഹം. ഒഡീഷയിലെ മലങ്കര കത്തോലിക്കാ മിഷനറിമാര്‍ക്ക് കുര്‍ബാനയും മറ്റു പ്രാര്‍ത്ഥനകളും ഒഡിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ വലിയ പങ്കു വഹിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണ്ടമാലില്‍ കലഹമുണ്ടായപ്പോള്‍ ധീരമായ നിലപാട് സ്വീകരിച്ച് അവിടത്തെ ജനങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന കാണ്ടമാല്‍ മിഷനറി എന്നറിയപ്പെടുന്ന സൈമണച്ചന്റെ പെട്ടന്നുള്ള വേര്‍പാട് വിശ്വസിക്കാനാകാതെ നെടുവീര്‍പ്പെടുകയാണ് അവിടുത്തെ നാട്ടുകാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.