ബംഗളൂരുവില്‍ 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോയുമായി മോഡി; രാഹുലും സോണിയ ഗാന്ധിയും ഇന്ന് കര്‍ണാടകയില്‍

ബംഗളൂരുവില്‍ 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോയുമായി മോഡി; രാഹുലും സോണിയ ഗാന്ധിയും ഇന്ന് കര്‍ണാടകയില്‍

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ബംഗളൂരു നഗരത്തില്‍ 26 കിലോമീറ്റര്‍ ദൂരം നീണ്ട മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബംഗളൂരു നഗരത്തിന്റെ തെക്കേ ഭാഗത്തുള്ള 17 നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു മോഡിയുടെ റോഡ് ഷോ.

രാവിലെ 10 മണിക്ക് തുടങ്ങിയ റോഡ് ഷോ ഉച്ചയോടെ അവസാനിച്ചു. റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യം ശനിയാഴ്ച 36 കിലോമീറ്റര്‍ റോഡ് ഷോ നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാലും ട്രാഫിക് കുരുക്ക് മുന്നില്‍ക്കണ്ടും രണ്ട് ദിവസങ്ങളായി റോഡ് ഷോ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മെയ് മാസം മാത്രം ഇത് മോഡിയുടെ നാലാമത്തെ പ്രചാരണ പരിപാടിയാണ്. ഭരണവിരുദ്ധ വികാരം ശക്തമായിരിക്കേ മോഡിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമം.

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇന്ന് കര്‍ണാടകത്തിലെ വിവിധ ജില്ലകളില്‍ പ്രചാരണം തുടരുന്നു. ഈ മാസം നാലാം ദിവസമാണ് രാഹുല്‍ കര്‍ണാടകത്തില്‍ പ്രചാരണത്തിനിറങ്ങുന്നത്.

ബെലഗാവിയില്‍ രണ്ട് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി വൈകുന്നേരം ആറിന് സോണിയാ ഗാന്ധിക്കൊപ്പം ഹുബ്ബള്ളിയിലെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും. സീറ്റ് കിട്ടാതെ ബിജെപി വിട്ട ജഗദീഷ് ഷെട്ടര്‍ അടക്കമുള്ള നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.