ചെയ്യാത്ത കുറ്റത്തിന് 32 വർഷം ജയിൽ വാസം; അമേരിക്കയിൽ 65കാരന് ലഭിച്ചത് 13 മില്യൻ ഡോളർ നഷ്ട പരിഹാരം

ചെയ്യാത്ത കുറ്റത്തിന് 32 വർഷം ജയിൽ വാസം; അമേരിക്കയിൽ 65കാരന് ലഭിച്ചത് 13 മില്യൻ ഡോളർ നഷ്ട പരിഹാരം

ന്യൂയോർക്ക്: ചെയ്യാത്ത കുറ്റത്തിന് 32 വർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന വയോധികന് ലഭിച്ചത് 13 മില്യൻ ഡോളർ നഷ്ട പരിഹാരം. യു.എസിലെ മസാച്യുസെറ്റ്‌സിലുള്ള ലോവൽ സ്വദേശിയായ വിക്ടർ റൊസാരിയോയ്ക്കാണ് വൻതുക നഷ്ടപരിഹാരം ലഭിച്ചത്. 1982 ൽ നടന്ന തീപിടിത്തത്തിലാണ് ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി ജയിലിലടച്ചത്.

ലോവലിലെ ഒരു കെട്ടിടത്തിൽ തീപിടിത്തം നടക്കുമ്പോൾ റൊസാരിയോയ്ക്ക് 24 വയസായിരുന്നു പ്രായം. യുവാവ് കെട്ടിടത്തിന് തീവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അഞ്ചു കുട്ടികളടക്കം എട്ടുപേർ തീപിടിത്തത്തിൽ മരിച്ചിരുന്നു. തീപിടിത്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി മുന്നിട്ടിറങ്ങിയ റൊസാരിയോയെ അന്വേഷണ സംഘം പിടികൂടി കുറ്റം ചുമത്തുകയായിരുന്നു.

യുവാവിനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം മണിക്കൂറുകൾ ചോദ്യം ചെയ്തു. കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചെങ്കിലും റൊസാരിയോ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് നൽകിയ രേഖയിൽ ഒപ്പുവച്ചാൽ വെറുതെ വിടാമെന്ന് അറിയിച്ചു. സ്പാനിഷ് വംശജനായ റൊസാരിയോയ്ക്ക് ഇംഗ്ലീഷിലുണ്ടായിരുന്ന കുറ്റസമ്മതം വായിക്കാനായിരുന്നില്ല. പൊലീസിന്റെ ആവശ്യപ്രകാരം ഒപ്പു വച്ചെങ്കിലും കേസ് കോടതിയിലെത്തിയപ്പോൾ റൊസാരിയോയുടെ കുറ്റസമ്മത രേഖയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.

കേസിൽ കോടതി റൊസാരിയോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2014ലാണ് ജയിൽമോചിതനാകുന്നത്. 2019 ൽ ലോവൻ നഗരഭരണകൂടത്തിനും പൊലീസുകാർക്കും അഗ്നിരക്ഷാ പ്രവർത്തകർക്കുമെതിരെ വിക്ടർ റൊസാരിയോ ഫെഡറൽ കോടതിയെ സമീപിച്ചു. കേസിൽ ദിവസങ്ങൾക്കു മുൻപാണ് 13 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ യു.എസ് കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരത്തുക നൽകാൻ ലോവൻ നഗരസഭാ ഭരണകൂടം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ജയിലിലടച്ചവരൊടെല്ലാം താൻ പൊറുത്തിരിക്കുന്നുവെന്നാണ് കോടതി വിധിക്കു ശേഷം വിക്ടർ റൊസാരിയോ പ്രതികരിച്ചത്. 32 വർഷമാണ്, ജീവിതത്തിന്റെ പകുതിയിലേറെയാണ് മസാച്യുസെറ്റ്‌സ് ജയിലിലാണ് കഴിയേണ്ടിവന്നത്. എങ്ങനെ പൊറുക്കാമെന്നാണ് ഇക്കാലയളവിൽ താൻ പഠിച്ചെടുത്തതെന്നും റൊസാരിയോ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.