ലണ്ടന്‍: ഏഴു പതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവുകയാണ് ബ്രിട്ടണ്‍. ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമനെ കിരീടവും ചെങ്കോലും നല്‍കി വാഴിക്കുന്ന ചടങ്ങുകള്‍ ലണ്ടനില്‍ ആരംഭിച്ചു. ലോകത്തുനിന്നാകെ ക്ഷണിക്കപ്പെട്ട നാലായിരം അതിഥികളാണ് ചടങ്ങിന് സാക്ഷിയാകുന്നത്.
ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ചാള്‍സും കാമില്ലയും ഘോഷയാത്രയായി ചടങ്ങു നടക്കുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തി. ആറു കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍ ഹൗസ്‌ഹോള്‍ഡ് കവാല്‍രി എന്ന അംഗരക്ഷകരുടെ അകമ്പടിയില്‍ ശീതീകരിച്ച രഥത്തിലായിരുന്നു യാത്ര. ഇരുവശത്തും കാത്തുനിന്ന ജനങ്ങളെ ഇരുവരും അഭിവാദ്യം ചെയ്തു. കുടുംബാംഗങ്ങളുടെയും സൈന്യത്തിന്റെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അടക്കം ക്ഷണിക്കപ്പെട്ട നാലായിരത്തോളം അതിഥികളാണ് ഇവിടെ സന്നിഹിതരായിട്ടുള്ളത്. അഞ്ചു ഘട്ടങ്ങളായി നടക്കുന്ന ചടങ്ങില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി, ചാള്‍സിനെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും രാജാവായി പ്രഖ്യാപിക്കുകയും ചെയ്യും.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ കൂടിയായ പരമാധികാരിയുടെ ആത്മീയ പദവിയും ചാള്‍സിന് നല്‍കും. നാലാം ഘട്ടത്തില്‍ സെന്റ് എഡ്വാര്‍ഡിന്റെ കിരീടവും ചെങ്കോലും ആര്‍ച്ച് ബിഷപ് രാജാവിനെ ധരിപ്പിക്കും. ഈ സമയം ലണ്ടന്‍ ടവറില്‍ 62 റൗണ്ട് വെടി മുഴങ്ങും. ബ്രിട്ടണ് പുറത്തുള്ള 11 ഇടങ്ങളിലും ആചാരവെടി മുഴങ്ങും. ചടങ്ങിന്റെ അവസാന ഘട്ടത്തിലാണ് രാജാവ് സിംഹാസനം ഏറ്റെടുക്കുക. രാജകുടുംബാംഗങ്ങള്‍ രാജാവിന് മുന്നില്‍ മുട്ടുകുത്തി കൂറു പ്രഖ്യാപിക്കുന്ന ചടങ്ങാണ് പിന്നീട്. ഇത്തവണ മകന്‍ വില്ല്യം മാത്രമായിരിക്കും ഇത്തരത്തില്‍ കൂറ് പ്രഖ്യാപിക്കുക. കിരീടധാരണ ചടങ്ങുകള്‍ക്കു ശേഷം രാജാവിനെയും രാജ്ഞിയെയും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് ആനയിക്കും. കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാജാവും രാജ്ഞിയും കുടുംബാംഗങ്ങളും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് സമാപനമാകും.
കിരീടധാരണച്ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ബൈബിള്‍ വായിക്കും. പൗലോസ് ശ്ലീഹ കൊളോസോസുകാര്‍ക്കെഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്‍പതു മുതല്‍ 17 വരെയുള്ള ഭാഗമാണു വായിക്കുകയെന്ന് ആംഗ്ലിക്കന്‍ സഭാ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ ഓഫീസ് അറിയിച്ചു.
1953ല്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനില്‍ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.
ചാള്‍സിന്റെ കിരീട ധാരണത്തോടെ കണ്‍സോര്‍ട്ട് പദവിയില്‍ നിന്ന് രാജ്ഞി പദവിയിലേക്ക് കാമില്ല മാറും. ചടങ്ങിലെ ഏറ്റവും പ്രധാനഭാഗം രാജാവിന്റെ കിരീടധാരണവും ഓക്ക് തടിയില്‍ തീര്‍ത്ത സിംഹാസനത്തിലെ ആരോഹണവുമാണ്. പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച സെന്റ് എഡ്വേര്‍ഡിന്റെ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക. കത്തോലിക്കാ കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ് ഉള്‍പ്പെടെ ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ള പുരോഹിതരും മുസ്ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.