ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ഗോത്രവർഗക്കാരും മെയ്തേയ് സമുദായവും തമ്മിൽ ഏറെ ദിവസമായി നടന്നുവന്നിരുന്ന സംഘർഷത്തിൽ നേരിയ അയവ് കണ്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ രണ്ട് മണിക്കൂർ നേരത്തേക്ക് പിൻവലിച്ച കർഫ്യൂ പുനസ്ഥാപിച്ചു. ആളുകൾക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിന് മുഖ്യമന്ത്രി എൻ.ബിരേൻ സിങിന്റെ ഉത്തരവ് പ്രകാരം ഇന്ന് രാവിലെ ഏഴ് മുതൽ 10 വരെ പിൻവലിച്ച കർഫ്യൂ ആണ് പുനസ്ഥാപിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ രണ്ട് മണിക്കൂർ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു.
മെയ് മൂന്ന് മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ 54 ഓളം പേർ കൊല്ലപ്പെടുകയും ഇതുവരെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. നിലവിലെ ക്രമസമാധാന നില വിലയിരുത്തി തുടർന്നുള്ള ഇളവുകൾ അവലോകനം ചെയ്യുകയും അറിയിക്കുകയും ചെയ്യുമെന്ന് ചുരാചന്ദ്പൂർ ജില്ലാ മജിസ്‌ട്രേറ്റ് ശരത് ചന്ദ്ര അരോജു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.
അതേസമയം മ്യാന്മറിൽ നിന്ന് സായുധരായ വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയതായും സംശയം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സ്ഥിരീകരണത്തിന് സർക്കാർ തയാറായിട്ടില്ല.
സംഘർഷ സാഹചര്യം കുറഞ്ഞെങ്കിലും സൈന്യത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും സംസ്ഥാനത്ത് കാവൽ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.