താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധന സഹായം; ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധന സഹായം; ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

തിരൂരങ്ങാടിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ അടക്കമുള്ളവരുമായി യോഗം ചേര്‍ന്ന മുഖ്യമന്ത്രി പിന്നീട് സംസ്‌കാരം നടക്കുന്ന മദ്രസയിലും എത്തി. എട്ട് മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രിയോടൊപ്പം തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയില്‍ പൊതുദര്‍ശനത്തിനു വച്ചു.

ഏഴ് കുട്ടികളടക്കം 22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേര്‍ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ് ചികിത്സയിലുള്ള ഒമ്പത് പേരില്‍ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ 40 ലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണു നിഗമനം.

ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ തുടരുന്നു. നേവിയും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാ സേനയുമാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്.

ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിന് വേണ്ട ഫിറ്റ്‌നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു.

പരപ്പനങ്ങാടി താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിന് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.