ഏകീകൃത കുര്‍ബാന പരിഷ്‌കരണം : സീറോ മലബാര്‍ സഭ മെത്രാന്മാര്‍ വത്തിക്കാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

ഏകീകൃത കുര്‍ബാന പരിഷ്‌കരണം : സീറോ മലബാര്‍ സഭ മെത്രാന്മാര്‍ വത്തിക്കാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കൊച്ചി: മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭ സ്ഥിരം സിനഡ് അംഗങ്ങളായ മെത്രാന്മാരുടെ സംഘം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പൗരോളിനോ, ആര്‍ച്ച് ബിഷപ് ക്ലൗഡിയോ ഗുജറോത്തി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.

വത്തിക്കാനിലേക്കു പോയ സംഘത്തില്‍ കെസിബിസി മീഡിയ കമ്മീഷന്‍ അധ്യക്ഷനും തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സീറോ മലബാര്‍ സഭ എറണാകുളം - അങ്കമാലി അപ്പസ്‌തോലിക് അഡ്മിനിസ്േ്രടറ്ററും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരാണ് ഉണ്ടായിരുന്നത്.

ഈ മാസം നാലിന് വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ എറണാകുളം - അങ്കമാലി അതിരൂപതയില്‍ സീറോ മലബാര്‍ സിനഡ് തീരുമാനിക്കുകയും വത്തിക്കാനിലെ പരിശുദ്ധ സിംഹാസനം അംഗീകരിച്ചു നല്‍കുകയും ചെയ്ത ഏകീകൃത കുര്‍ബാന അര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രതിസന്ധികളെക്കുറിച്ചം പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വത്തിക്കാന്‍ സംഘത്തില്‍ നിന്നും സ്വീകരിച്ചു.

ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനായി വത്തിക്കാനിലേക്കുള്ള യാത്രയ്ക്ക് മുമ്പ് തന്നെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസ സമൂഹത്തോട് പ്രാര്‍ഥനയ്ക്ക് ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനില്‍ നിന്നും ലഭിച്ചിരിക്കുന്ന പരിഹാര നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിനായുള്ള ദൈവീക ശക്തിക്കായി എല്ലാവരും മുട്ടിപ്പായി പ്രാര്‍ഥിക്കണമെന്നും കൂടിക്കാഴ്ച്ച ഏറ്റവും ഫലപ്രദമായിരുന്നുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

സഭയില്‍ ഒരു തരത്തിലുമുള്ള വിഭാഗീയതകളും ഇല്ലാതെ എല്ലാ മുറിവുകളും ഉണക്കുന്നതിനും പ്രതിസന്ധികള്‍ ശാശ്വതമായി പരിഹരിക്കുന്നതിനും സിനഡ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും സ്ഥിരം സിനഡ് അംഗങ്ങള്‍ ഉള്‍പ്പെട്ട മെത്രാന്മാരുടെ സംഘം ആഹ്വാനം ചെയ്തു. ഏകീകൃത കുര്‍ബാന സംബന്ധിച്ച് പരിശുദ്ധ സിംഹാസനം നിര്‍ദേശിച്ചിട്ടുള്ള പരിഹാരം പ്രായോഗികമായി നടപ്പാക്കുന്നതിനായി ആവശ്യമായ ശ്രമം സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മെത്രാന്‍ സംഘം ഉറപ്പു നല്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.