താനൂര്‍ ബോട്ട് ദുരന്തം; ബോട്ടുടമ നാസര്‍ അറസ്റ്റില്‍

താനൂര്‍ ബോട്ട് ദുരന്തം; ബോട്ടുടമ നാസര്‍ അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ 22 പേരുടെ ജീവന്‍ നഷ്ടമായ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസില്‍ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ നാസറിനെ താനൂരില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്. അപകടത്തെ തുടര്‍ന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

നാസറിന്റെ ഉടമസ്ഥതയിലുള്ള വാഹനം എറണാകുളത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനയ്ക്കിടെയാണ് വാഹനം പൊലീസ് പിടിച്ചെടുത്തത്. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവര്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നു. നാസറിന്റെ മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുക. താനൂര്‍ ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. താനൂര്‍ സിഐ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ട്.

അതിനിടെ ബോട്ട് ദുരന്തത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മെയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

താനൂരില്‍ പൂരപ്പുഴ അറബിക്കടലിലേക്ക് ചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്. അറ്റ്ലാന്റിക് എന്ന ഇരുനിലയുള്ള ബോട്ടിലെ രണ്ടു തട്ടിലും യാത്രക്കാരുണ്ടായിരുന്നു.

കരയില്‍ നിന്ന് 300 മീറ്റര്‍ ദൂരത്തുള്ളപ്പോള്‍ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 37 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പത്ത് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേര്‍ അപകടത്തിന് പിന്നാലെ നീന്തി രക്ഷപ്പെട്ടതായും സ്ഥിരീകരിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.