ടൈറ്റസ് ബ്രാന്‍ഡ്സ്മ; മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച് വിശുദ്ധ പദവിയിലെത്തിയ കത്തോലിക്കാ പുരോഹിതന്‍

ടൈറ്റസ് ബ്രാന്‍ഡ്സ്മ;  മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച് വിശുദ്ധ പദവിയിലെത്തിയ കത്തോലിക്കാ പുരോഹിതന്‍

ആംസ്റ്റര്‍ഡാം: മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ജോലിക്കിടെ കൊല്ലപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ നിരവധിയാണ്. അവരെ ഓര്‍ക്കാനും ആദരവ് അര്‍പ്പിക്കാനുമായുള്ള ലോക മാധ്യമ സ്വാതന്ത്ര്യ ദിനം കഴിഞ്ഞ മേയ് മൂന്നിനായിരുന്നു ആചരിച്ചത്. വലിയ ആഘോഷമോ അനുസ്മരണമോ ഒന്നും ഇല്ലാതെ കടന്നുപോകുന്ന ഈ ദിവസത്തില്‍ ഒരിക്കലും വിസ്മൃതിയിലാവാന്‍ അനുവദിക്കരുതാത്ത ഒരു പേരുണ്ട്, വിശുദ്ധ ടൈറ്റസ് ബ്രാന്‍ഡ്സ്മ എന്ന കത്തോലിക്കാ പുരോഹിതന്റേത്.

കുപ്രസിദ്ധമായ നാസി തടവുകേന്ദ്രങ്ങളിലൊന്നായ ഡാചൗ തടങ്കല്‍പ്പാളയത്തില്‍
രക്തസാക്ഷിത്വം വരിച്ച ഡച്ച് പുരോഹിതനും പ്രൊഫസറും പത്രപ്രവര്‍ത്തകനുമാണ് ടൈറ്റസ് ബ്രാന്‍ഡ്‌സ്മ. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പത്രപ്രവര്‍ത്തകരുടെ മാധ്യസ്ഥന്‍.

1881-ല്‍ നെതര്‍ലന്‍ഡ്‌സിലെ ഫ്രൈസ്ലാന്റ് പ്രവിശ്യയിലാണ് അന്നോ സ്‌ജോര്‍ഡ് ബ്രാന്‍ഡ്സ്മ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ടൈറ്റസ് ബ്രാന്‍ഡ്സ്മയും അമ്മ ടിജിറ്റ്സ്‌ജെ പോസ്റ്റ്മയും ഒരു ചെറിയ ഫാം നടത്തുകയായിരുന്നു. തീവ്ര കത്തോലിക്ക വിശ്വാസികളായ ഇവര്‍ക്ക് ആറ് മക്കളാണുണ്ടായിരുന്നത്. നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും.

1905-ല്‍ ടൈറ്റസ് വൈദികനായി അഭിഷിക്തനായി. 1932-ല്‍ നെതര്‍ലന്‍ഡ്‌സിലെ കത്തോലിക്കാ സര്‍വ്വകലാശാലയിലെ റെക്ടര്‍ മാഗ്‌നിഫിക്കസ് ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

നെതര്‍ലന്‍ഡ്‌സിലെ കത്തോലിക്കാ ദിനപത്രത്തിന്റെ നവീകരണത്തിനായി ഫാ. ടൈറ്റസ് ബ്രാന്‍ഡ്സ്മ കഠിനമായി അദ്ധ്വാനിച്ചു. അദ്ദേഹം ഒരു പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. നെതര്‍ലന്‍ഡ്സിലെ 30-ലധികം കത്തോലിക്കാ പത്രങ്ങളുടെ സ്റ്റാഫിന്റെ ആത്മീയ ഉപദേശകനായി ബ്രാന്‍ഡ്സ്മ സേവനമനുഷ്ഠിച്ചു. ആവിലയിലെ വി. അമ്മത്രേസ്യായുടെ ജീവചരിത്രം എഴുതുന്നതിലും അദ്ദേഹം ഭാഗമായി. കുരിശിന്റെ വഴിയെക്കുറിച്ചുള്ള ധ്യാനങ്ങള്‍ രചിക്കുകയും കത്തുകള്‍ എഴുതുകയും ചെയ്തു.

1940-ല്‍ ജര്‍മ്മനിയുടെ നെതര്‍ലന്‍ഡ്സ് അധിനിവേശത്തെ തുടര്‍ന്ന്, നാസി സമ്മര്‍ദങ്ങള്‍ക്കെതിരെ അദ്ദേഹം സ്വരമുയര്‍ത്തി. കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെയും കത്തോലിക്കാ മാധ്യമങ്ങളുടെയും സ്വാതന്ത്ര്യത്തെ ഹനിച്ചു കൊണ്ടുള്ള നാസി ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. കത്തോലിക്കാ പത്രങ്ങളിലെ നിര്‍ബന്ധിത നാസി പ്രചാരണത്തെ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് 1942 ജനുവരിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

നാസി ഭരണകൂടത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച പുരോഹിതന്മാരെ തടവിലാക്കുന്ന സ്ഥലമായിരുന്നു ഡാചൗ. അവരില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്കരായ വൈദികരായിരുന്നു. 2, 500ലധികം വൈദികരും ക്രൈസ്തവരും അവിടെ തടവിലുണ്ടായിരുന്നു. അവിടെയെത്തി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് അസുഖം പിടിപെട്ടു. 1942 ജൂലൈ 26-ന് ക്യാമ്പിലെ നഴ്‌സിനോട് അധികാരികള്‍ വൈദികന് കാര്‍ബോളിക് ആസിഡ് കുത്തിവയ്ക്കാന്‍ ഉത്തരവിട്ടു. ഫാ. ടൈറ്റസ് ആ സ്ത്രീക്ക് ജപമാല കൈമാറി.

നഴ്‌സ് തനിക്ക് എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അറിയില്ലെന്ന് വൈദികനോട് പറഞ്ഞു. 'പാപികളായ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ' എന്ന് പറഞ്ഞാല്‍ മതിയെന്ന് ഫാ. ടൈറ്റസ് മറുപടി പറഞ്ഞു. അന്ന് അവര്‍ മതവിശ്വാസി അല്ലായിരുന്നെങ്കിലും പിന്നീട് കത്തോലിക്കാ വിശ്വാസിയായി മാറി.

വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ അദ്ദേഹത്തെ 1985 നവംബര്‍ മൂന്നിന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.

നാല്‍പ്പത്തിമൂന്ന് വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങില്‍ ഇതേ നഴ്സും സന്നിഹിതയായിരുന്നു. 'അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ എന്നെ വിശ്വാസത്തിലേക്കു തിരികെ കൊണ്ടുവന്നു' - നഴ്‌സ് പറഞ്ഞു. കര്‍മ്മലീത്താ വൈദീകനായ ടൈറ്റസ് ബ്രാന്‍ഡ്സ്മയെ ഫ്രാന്‍സീസ് പാപ്പ കഴിഞ്ഞ വര്‍ഷം മെയ് പതിനഞ്ചിനാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.