കര്‍ഷക സമരത്തിന് പുതിയ മാനം; 40 നേതാക്കള്‍ നിരാഹാരത്തില്‍

കര്‍ഷക സമരത്തിന് പുതിയ മാനം; 40 നേതാക്കള്‍ നിരാഹാരത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പുതിയ മാനം. കര്‍ഷകരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫാര്‍മേര്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാല്‍പ്പത് കര്‍ഷകനേതാക്കള്‍ നിരാഹാരം ആരംഭിച്ചു.

രാവിലെ എട്ടുമുതല്‍ വൈകിട്ട് ആഞ്ചുവരെയാണ് നിരാഹാരം. ഇതില്‍ 25 പേര്‍ സിംഗു അതിര്‍ത്തിയിലും പത്തുപേര്‍ തിക്രിയിലും അഞ്ചുപേര്‍ യുപി മേഖലയിലുമാണ് നിരാഹാരമിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരം 20 ദിവസം പിന്നിട്ടു കഴിഞ്ഞു.

വിവിധ സംഘടനാ നേതാക്കളുമായി അഞ്ചുതവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കര്‍ശന നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കര്‍ഷകരുടെ നിരാഹാരസമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യ തലസ്ഥാനത്തും പരിസരങ്ങളിലും കര്‍ഷകര്‍ നടത്തി വരുന്ന സമരത്തിന് രാജ്യമൊട്ടാകെ പിന്തുണ ലഭിച്ചു കഴിഞ്ഞു. കര്‍ഷകരുടെ അവകാശ സമരത്തിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടന്നു വരുന്നു.

 കര്‍ഷകരുടെ സമരത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആരോപിച്ചു. കര്‍ഷകരുടെ ദീര്‍ഘകാല പരിരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് പുതിയ നിയമം. ചെറിയൊരു കാലയളവില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പ്രതിബന്ധങ്ങള്‍ തരണം ചെയ്യാതെ ഒന്നും നേടാന്‍ കഴിയില്ലെന്നായിരുന്നു തോമറിന്റെ വിശദീകരണം.

എന്നാല്‍ കേന്ദ്ര മന്ത്രിയുടെ പ്രതികരണം കാര്യമായി എടുക്കുന്നില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.