ഒട്ടാവ: കനേഡിയന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷാംഗത്തെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ചൈനീസ് നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. ചൈനയെ വിമര്‍ശിച്ച പ്രതിപക്ഷാംഗമായ മൈക്കല്‍ ചോങ്ങിനെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് നയതന്ത്ര പ്രതിനിധിയായ ഷാവോ വേയെ പുറത്താക്കിയത്. കനേഡിയന്‍ ചാര ഏജന്‍സിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ഷാവോ വേയ്ക്ക് ഇനിമുതല്‍ കാനഡ നയതന്ത്ര പരിരക്ഷ നല്‍കില്ലെന്നും രാജ്യം വിടാന്‍ അഞ്ച് ദിവസത്തെ സമയം അനുവദിച്ചതായും കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി വ്യക്തമാക്കി. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലുള്ള വിദേശ ഇടപെടലും അനുവദിക്കില്ലെന്നും മെലാനി ജോളി കൂട്ടിച്ചേര്‍ത്തു. കാനഡയുടെ നയതന്ത്രജ്ഞര്‍ ഇത്തരത്തിലുള്ള പെരുമാറ്റം നടത്തിയാല്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും വിവരമുണ്ട്.
അതേസമയം കനേഡിയന്‍ വിദേശകാര്യ മന്ത്രിയുടെ ആരോപണം ചൈന നിഷേധിച്ചു. കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ചൈനീസ് എംബസിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയിലെ സിന്‍ങിയാങ് പ്രവശ്യയിലെ ഉയിഗര്‍ വംശജരോടുള്ള ചൈനയുടെ പെരുമാറ്റത്തെ മൈക്കല്‍ ചോങും അദ്ദേഹത്തിന്റെ ബന്ധുക്കളും വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൈക്കല്‍ ചോങ്ങിനെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും ഭീഷണിപ്പെടുത്താന്‍ ഷാവോ വേ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഈ റിപ്പോര്‍ട്ട് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷത്തെ ചൈന വംശഹത്യ നടത്തുകയാണെന്നായിരുന്നു ഹോങ്കോങ് വംശജനായ മൈക്കല്‍ ചോങ്ങിന്റെ ആരോപണം. ഷാവോയെ പുറത്താക്കാനുള്ള ആഹ്വാനങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. അതേസമയം ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചാര സംഘടന ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
കാനഡയിലെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് കനേഡിയന്‍ മാധ്യമങ്ങള്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ചൈന ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v