ഓക്‌ലാന്‍ഡ്: ന്യൂസിലന്‍ഡില്‍ സ്‌കൂളില്‍ നിന്നുള്ള വിനോദ യാത്രയ്ക്കിടെ കനത്ത മഴയില്‍ ഗുഹയ്ക്കുള്ളില്‍ ഒറ്റപ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടാണ് വാങ്കരേ ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ മരണം സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ രാജ്യത്തെ ഓക്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
നോര്‍ത്ത്ലാന്‍ഡിലെ വാങ്കരേയിലെ ആബി ഗുഹകളിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിയെ ചൊവ്വാഴ്ച്ച രാവിലെ കാണാതായത്. വാങ്കരേ ബോയ്സ് സ്‌കൂളില്‍നിന്നുള്ള 15 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരും അടങ്ങുന്ന സംഘമാണ് ഈ മേഖലയിലെത്തിയത്. കനത്ത മഴയെതുടര്‍ന്ന് 10.35-നാണ് സംഘം അപകടത്തില്‍പെട്ടതായി പോലീസിന് വിവരം ലഭിക്കുന്നത്. സംഘത്തിലെ മറ്റുള്ളവരെല്ലാം സുരക്ഷിതമായി പുറത്തെത്തിയെങ്കിലും ഒരു വിദ്യാര്‍ത്ഥിയെ കാണാതാകുകയായിരുന്നു.
സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, ഫയര്‍, പോലീസ് ടീമുകള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. രാത്രിയായതോടെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ മുതല്‍ പുനരാരംഭിച്ച അന്വേഷണത്തിലാണ് ഗുഹയില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
വാങ്കരേ ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 'ഔട്ട്ഡോര്‍ വിദ്യാഭ്യാസത്തിന്റെ ക്ലാസിന്റെ ഭാഗമായാണ് ആബി ഗുഹകളിലെത്തിയത്.
ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഓക്ലാന്‍ഡില്‍ ഇന്നു തെളിഞ്ഞ കാലാവസ്ഥയാണ്. ഇതേതുടര്‍ന്ന് വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച 120 കെട്ടിടങ്ങളുടെ പരിശോധന ഉള്‍പ്പെടെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.
കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ യാത്ര നടത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം പല കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.
വെള്ളപ്പൊക്കത്തെതുടര്‍ന്ന് ചൊവ്വാഴ്ച സഹായാഭ്യര്‍ത്ഥനയുമായി 200-ലധികം കോളുകള്‍ ലഭിച്ചതായി ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജീവനക്കാര്‍ പറഞ്ഞു, അവയില്‍ മിക്കതും ഓക്ലാന്‍ഡില്‍ നിന്നാണ്. പല കെട്ടിടങ്ങളിലും വെള്ളം കയറി. മരങ്ങള്‍ ഒടിഞ്ഞു വീണു. ട്രെയിന്‍, ബസ് സര്‍വീസുകള്‍ റദ്ദാക്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
കൂടുതല്‍ വായനയ്ക്ക്:
ന്യൂസിലന്‍ഡില്‍ വിനോദ യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥി ഗുഹയ്ക്കുള്ളില്‍ ഒറ്റപ്പെട്ടു; ആശങ്കയേറ്റി കനത്ത മഴയും വെള്ളപ്പൊക്കവും: ഓക്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.