ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം തടയാന്‍ കേന്ദ്ര നിയമം മാത്രമാണ് പരിഹാരം: ഐഎംഎ

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം തടയാന്‍ കേന്ദ്ര നിയമം മാത്രമാണ് പരിഹാരം: ഐഎംഎ

ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം തടയാന്‍ കേന്ദ്ര നിയമം മാത്രമാണ് പരിഹാരമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ദേശീയ പ്രസിഡന്റ് ഡോ. ശരത് കുമാര്‍ അഗര്‍വാള്‍. നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം.

വന്ദനദാസിന്റെ കൊലപാതകത്തില്‍ പൊലീസ് വീഴ്ച അന്വേഷിക്കണം. വന്ദനയുടെ മരണം ഞെട്ടിക്കുന്നതാണെന്നും സുരക്ഷ നല്‍കാന്‍ പോലും തയ്യാറാകാത്ത ഉദ്യോഗസ്ഥനെ പിരിച്ചു വിടണമെന്നും അദേഹം പ്രതികരിച്ചു.

സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പ്രതി സന്ദീപ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസ (22) നെ ആക്രമിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് പ്രതികരിച്ചിരുന്നു.

ഈ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേയെന്നും ചോദ്യം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.