മലയാള സിനിമയിലേക്ക് വിദേശ പണമൊഴുക്ക്; നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു; നിയമനടപടിക്കൊരുങ്ങി പൃഥ്വിരാജ്

മലയാള സിനിമയിലേക്ക് വിദേശ പണമൊഴുക്ക്; നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു; നിയമനടപടിക്കൊരുങ്ങി പൃഥ്വിരാജ്

കൊച്ചി: മലയാള സിനിമ രംഗത്തേയ്ക്കുള്ള വിദേശ പണം ഒഴുക്കില്‍ അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. മലയാള സിനിമയിലെ അഞ്ച് നിര്‍മ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകള്‍ നിരീക്ഷിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു. കടുവ, ജനഗണമന, ഉസ്താദ് ഹോട്ടല്‍ തുടങ്ങീ സിനിമകളുടെ നിര്‍മ്മാതാവാണ് ലിസ്റ്റന്‍ സ്റ്റീഫന്‍.

നാല് നിര്‍മ്മാതാക്കളെ കൂടി ഇഡി വൈകാതെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ ഒരു പ്രമുഖ നടനായ നിര്‍മ്മാതാവ് 25 കോടിരൂപ പിഴയൊടുക്കി എന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് മൂന്ന് നിര്‍മ്മാതാക്കളോടും ചോദ്യം ചെയ്യലിനായി ഹാജരാകന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ഇതിവൃത്തം പരിശോധിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിനിമകള്‍ ഉപയോഗിച്ച് രാഷ്ട്രവിരുദ്ധത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നും അന്വേഷിക്കാന്‍ നിര്‍ദ്ദേശമുണ്ട്. വിദേശത്ത് നിന്നും ഇവര്‍ക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

അതേസമയം 25 കോടിരൂപ പിഴയൊടുക്കിയത് നടന്‍ പൃഥ്വിരാജാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് നടന്‍ രംഗത്തെത്തി. തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നടന്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. ചാനലില്‍ തനിക്കെതിരായി വന്ന വ്യാജ വാര്‍ത്തയില്‍ നിയമപരമായി കേസ് നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി താരം 25 കോടി രൂപ നല്‍കിയെന്നായിരുന്നു ചാനല്‍ വാര്‍ത്ത. എന്നാല്‍ ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത നല്‍കിയത് തന്റെ ശ്രദ്ധയില്‍ പെട്ടെന്നും ഈ ആരോപണം തീര്‍ത്തും അസത്യവും വ്യാജവും ആണെന്നും ചാനലിനെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കുകയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.

മലയാള സിനിമാ നിര്‍മാണ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങള്‍ അടക്കമുളളവര്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. മോഹന്‍ലാലിന്റെയടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15 മുതലായിരുന്നു മലയാള സിനിമാ നിര്‍മാണ മേഖലയുമായി ബന്ധപ്പെ്ട്ട സൂപ്പര്‍ താരങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ കളക്ഷന്‍ അന്‍പതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുന്‍നിര്‍ത്തിയായിരുന്നു റെയ്ഡ്. 225 കോടിയുടെ രൂപയുടെ കളളപ്പണ ഇടപാടാണ് ഈ മേഖലയില്‍ നിന്നും ഇതുവരെ ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ചില താരങ്ങളും നിര്‍മാതാക്കളും ദുബായ്, ഖത്തര്‍ കേന്ദീകരിച്ചാണ് വന്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇവര്‍ നിര്‍മിക്കുന്ന സിനിമകളുടെ ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവിലായിരുന്നു വിദേശത്തെ കളളപ്പണ ഇടപാടെന്നാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തുടരുകയായിരുന്നു.

മാത്രമല്ല, ചില തമിഴ് സിനിമാ നിര്‍മാതാക്കളും ബിനാമി ഇടപാടിലൂടെ മലയാള സിനിമയില്‍ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയ ചിത്രങ്ങളിലൂടെ പ്രശസ്തനായ യുവ നിര്‍മാതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.