കാന്‍ബറ: ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള പ്രശസ്തമായ ബ്രൂസ് കാല്‍വരി പബ്ലിക് ഹോസ്പിറ്റലിനെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളുടെ കീഴിലുള്ള, ആതുര സേവന രംഗത്ത് 44 വര്‍ഷത്തിലേറെയായി കാന്‍ബറയില്‍ മികച്ച സേവനം നല്‍കി വരുന്ന കാല്‍വരി പബ്ലിക് ആശുപത്രിയുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും ഏറ്റെടുക്കാനുള്ള നടപടികളാണ് ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി (എ.സി.ടി) സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രി റേച്ചല്‍ സ്റ്റീഫന്‍-സ്മിത്താണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത ഞെട്ടലിലും എതിര്‍പ്പിലുമാണ് പ്രദേശവാസികളും കത്തോലിക്ക വിശ്വാസികളും. മുന്നറിയിപ്പില്ലാതെ എടുത്ത തീരുമാനത്തില്‍ ഞെട്ടിപ്പോയെന്നാണ് കാന്‍ബറയിലെയും ഗൗള്‍ബേണിലെയും കത്തോലിക്കാ ആര്‍ച്ച് ബിഷപ്പായ ക്രിസ്റ്റഫര്‍ പ്രൗസ് പ്രതികരിച്ചത്. ഏറ്റെടുക്കുന്ന കാര്യത്തില്‍ അതിരൂപതയുമായി സര്‍ക്കാര്‍ ഔപചാരികമായ യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും കാരണമൊന്നും വ്യക്തമാക്കിയിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
നിയമസഭയില്‍ നിയമനിര്‍മ്മാണത്തിലൂടെയാണ് സര്‍ക്കാര്‍ ആശുപത്രി ഏറ്റെടുക്കുന്നത്. ഈ മാസാവസാനം നിര്‍ദ്ദിഷ്ട നിയമം പാസാകുകയാണെങ്കില്‍, ഉടമസ്ഥരായ ലിറ്റില്‍ കമ്പനി ഓഫ് മേരിയുടെ ഭരണത്തിന് കീഴില്‍ കാല്‍വരി ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത് അവസാനിക്കും.
'എ.സി.ടി സര്‍ക്കാരിന്റെ നീക്കത്തിലെ സുതാര്യതയില്ലായ്മ നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നു. ഒരു ന്യായീകരണവുമില്ലാതെ അവര്‍ക്കിഷ്ടമുള്ള ഏതൊരു സംരംഭവും ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നത് വളരെ സങ്കടകരമായ അവസ്ഥയാണ് ബിഷപ്പ് പറഞ്ഞു. ഇത് തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഈ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാല്‍വരി ഹെല്‍ത്ത് കെയര്‍ അംഗങ്ങളുമായി അതിരൂപത യോഗം ചേരുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.
സര്‍ക്കാരും കാല്‍വരി ഹെല്‍ത്ത് കെയര്‍ അംഗങ്ങളും കഴിഞ്ഞ വര്‍ഷം മേയില്‍ ആശുപത്രിയുടെ ഭാവി സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും ധാരണയിലെത്താനായില്ല. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, സര്‍ക്കാര്‍ ആശുപത്രിയുമായുള്ള ആശയവിനിമയം നിര്‍ത്തി. തുടര്‍ന്ന് മുന്നറിയിപ്പോ കൂടിയാലോചനകളോ ഇല്ലാതെ നിര്‍ബന്ധിതമായി ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
2010-ല്‍ 77 ദശലക്ഷം ഡോളറിന് ആശുപത്രി വാങ്ങാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും ഉടമസ്ഥരായ ലിറ്റില്‍ കമ്പനി ഓഫ് മേരി ഹെല്‍ത്ത് കെയര്‍ ഭാരവാഹികള്‍ വിസമ്മതിച്ചു. വത്തിക്കാനില്‍ നിന്ന് അനുമതി ആവശ്യമാണെന്നും അതു ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ കാല്‍വരി പബ്ലിക് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പുതിയ ആശുപത്രിക്കായി ഒരു ബില്യണ്‍ ഡോളറിലധികം അനുവദിക്കുമെന്നും 2025 ല്‍ തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രിയിലെ ജീവനക്കാര്‍ അവരുടെ ചുമതലകളില്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. 1,800 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്.
ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ തങ്ങള്‍ അങ്ങേയറ്റം നിരാശയിലാണെന്ന് പ്രഖ്യാപനത്തിന് ശേഷം കാല്‍വരി ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.