ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും രൂക്ഷമായ നിലയില്‍. ഗാസയില്‍നിന്ന് പലസ്തീന്‍ അനുകൂല സംഘടനകള്‍ 270 റോക്കറ്റുകള്‍ തൊടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ 50 കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രായേല്‍ വ്യക്തമാക്കി.

ഗാസയില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 15 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്‌ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തിയത്. ഭൂരിഭാഗം റോക്കറ്റുകളും തകര്‍ക്കുകയോ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വീഴുകയോ ചെയ്തുവെന്ന് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

അതേസമയം ചൊവ്വാഴ്ച്ച മുതല്‍ ഗാസ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 27 പലസ്തീന്‍കാര്‍ മരിക്കുകയും ഏഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരില്‍ പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവും ഉള്‍പ്പെടും. പുലര്‍ച്ചെ ഖാന്‍ യൂനിസിലെ ആറ് നില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ അപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിയത്. അബു മുഹമ്മദ് എന്ന് വിളിക്കുന്ന കമാന്‍ഡര്‍ അലി ഹസന്‍ ഗാലിയാണ് കൊല്ലപ്പെട്ട ഇസ്‌ലാമിക് ജിഹാദ് നേതാവ്. ഇസ്‌ലാമിക് ജിഹാദിന്റെ റോക്കറ്റ് ലോഞ്ച് യൂണിറ്റ് കമാന്‍ഡറായിരുന്നു അലി. ഇതോടെ കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ എണ്ണം നാലായി.

ചൊവ്വാഴ്ച്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് തയാറെടുക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ നിര്‍ദേശിച്ചു. ഇസ്‌ലാമിക് ജിഹാദിന്റെ ഗാസയിലെ ആസ്ഥാനവും പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു വ്യക്തമാക്കി.

അതിനിടെ, ഇസ്രായേല്‍ സേന ദൗത്യം പൂര്‍ത്തിയാക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷമേ ആക്രമണം അവസാനിപ്പിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ബാങ്കിലും സംഘര്‍ഷം രൂക്ഷമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.