ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഒരു പ്രശ്നവുമില്ലാതെ പ്രദര്‍ശനം തുടരുന്ന 'ദ കേരള സ്റ്റോറി' എന്ന സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് സുപ്രീം കോടതി.
'എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ സിനിമ നിരോധിക്കണം? സമാനമായ ജനസംഖ്യാ ഘടനയുള്ള സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒന്നും സംഭവിച്ചിട്ടില്ല'- ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് വ്യക്തമാക്കി.
ചിത്രം നിരോധിച്ചതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസും ജസ്റ്റിസ് പി.എസ് നരസിംഹയും ഉള്‍പ്പെട്ട ബെഞ്ച് പശ്ചിമ ബംഗാളിനും തമിഴ്നാടിനും നോട്ടീസ് അയച്ചു.
തമിഴ്നാട്ടില്‍ സിനിമ നിരോധിച്ചിട്ടില്ലെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ഇത് സിനിമ നിരോധിച്ചതിന് സമാനമാണെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു.
സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടായേക്കാമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി വാദിച്ചു. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയായിരുന്നു സിങ്‌വിയുടെ വാദം.
തമിഴ്നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയെ കുറിച്ചും കോടതി ആരാഞ്ഞു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.
'ദി കേരള സ്റ്റോറി' നിരോധിച്ച ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനായി വിദ്വേഷമോ അക്രമമോ ഉണ്ടാകാതിരിക്കാന്‍ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചതായി തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
ഓരോ ദിവസവും തങ്ങള്‍ക്ക് പണം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ബംഗാളില്‍ സിനിമ നിരോധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് തടസങ്ങള്‍ നേരിട്ടപ്പോള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചു. അതേസമയം റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ 81.36 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.