കാലിഫോര്‍ണിയ: യൂട്യൂബില്‍ വൈറലാകാനും കാഴ്ച്ചക്കാരെ ലഭിക്കാനും മനപൂര്‍വം വിമാനാപകടം സൃഷ്ടിച്ച അമേരിക്കന്‍ പൈലറ്റിന് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. 2021 നവംബറില്‍ കാലിഫോര്‍ണിയയിലെ ലോസ് പാഡ്രെസ് ദേശീയ വനത്തിലാണ് തന്റെ സ്വകാര്യ വിമാനം അപകടത്തില്‍പെടുത്തിയത്. 
വീഡിയോ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായെങ്കിലും ഇതൊരു വ്യാജ അപകടമാണെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ട്രെവര്‍ ജേക്കബ് എന്ന യൂട്യൂബര്‍ നിയമക്കുരുക്കില്‍ അകപ്പെട്ടത്. ഫെഡറല്‍ കോടതിയില്‍ 29 കാരനായ ട്രെവര്‍ ജേക്കബ് കുറ്റം സമ്മതിച്ചു. ട്രെവറിന്റെ സ്വകാര്യ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു. കാഴ്ചക്കാരെ കൂട്ടാനും ട്രെന്‍ഡിങ്ങില്‍ ഇടംപിടിക്കാനും ഏത് അപകടം പിടിച്ച മാര്‍ഗവും സ്വീകരിക്കുന്ന യൂട്യൂബേഴ്സിനുള്ള മുന്നറിയിപ്പായിരിക്കും ഈ വിധിയെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. 
മുന്‍കൂട്ടി തിരക്കഥ എഴുതിയതിന് അനുസരിച്ചു നടന്ന അപകടമായിരുന്നു ഇത്. ഒരു സ്‌പോണ്‍സര്‍ഷിപ്പ് ഡീലിന്റെ ഭാഗമായി കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു ശ്രമം. 
അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ട്രെവര്‍ ജേക്കബ് വീഡിയോ അപ്‌ലോഡ് ചെയ്തത്. 'എന്റെ വിമാനം തകര്‍ന്നു' എന്ന ക്യാപ്ഷനോടെ 2021 ഡിസംബര്‍ 23 നാണു വീഡിയോ പോസ്റ്റ് ചെയ്തത്. 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് ലഭിച്ചത് 2.9 മില്ല്യണ്‍ വ്യൂസാണ്. ലോംപോക്ക് സിറ്റി എയര്‍പോര്‍ട്ടില്‍ നിന്നു വിമാനം പറന്നുയരുന്നതു മുതല്‍ അപകടം സംഭവിക്കുന്നതു വരെയുള്ള എല്ലാ ദൃശ്യങ്ങളും ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു.
 
കൈയിലൊരു സെല്‍ഫി സ്റ്റിക്കുമായാണ് ട്രെവര്‍ വിമാനത്തില്‍ നിന്ന് എടുത്ത് ചാടുന്നത്. ലോസ് പാഡ്രെസ് വനത്തിനു മുകളിലായി ജേക്കബ് വിമാനം എത്തിക്കുന്നു. വിമാനത്തിന്റെ പ്രൊപ്പല്ലറിന്റെ പ്രവര്‍ത്തനം അവിടെ വച്ചു നിലച്ചു. തുടര്‍ന്ന് ഒരു പാരച്യൂട്ട് ഉപയോഗിച്ച് ജേക്കബ് പുറത്തേക്ക് ചാടുന്നതും വിമാനം താഴേക്ക് പതിക്കുന്നതും വിഡിയോയിലുണ്ട്. വിമാനത്തിലുടനീളം ക്യാമറകള്‍ സ്ഥാപിച്ചിരുന്നതിനാല്‍ വനത്തിലേക്ക് വീഴുന്നതും തകരുന്നതും വീഡിയോയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. 
വിമാനം ടേക്ക് ഓഫ് ചെയ്ത് 35 മിനിറ്റിനുള്ളില്‍ വൈദ്യുതി പൂര്‍ണ്ണമായും നഷ്ടമായെന്നും സുരക്ഷിതമായി വിമാനം ഇറക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതിനാലാണ് പാരച്യൂട്ട് ഉപയോഗിച്ച് ചാടിയതെന്നുമായിരുന്നു അധികൃതര്‍ക്ക് ജേക്കബ് നല്‍കിയ വിശദീകരണം. വിമാനം തകര്‍ന്നുവീണത് എവിടെയാണെന്ന് അറിയില്ലെന്നും ജേക്കബ് പറഞ്ഞു. എന്നാല്‍, ആഴ്ചകള്‍ക്കു ശേഷം ഒരു ഹെലികോപ്ടര്‍ കമ്പനിയെ തകര്‍ന്ന വിമാനം ഉയര്‍ത്താന്‍ ഇയാള്‍ സമീപിക്കുകയും ചെയ്തു. 
യഥാര്‍ത്ഥ അപകടമാണെന്നായിരുന്നു വാദമെങ്കിലും യാത്രയുടെ ആരംഭം മുതല്‍ ട്രെവര്‍ പാരച്യൂട്ട് ധരിച്ചിരുന്നതായി വ്യക്തമായതും വിനയായി. ഏവിയേഷന്‍ അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ ട്രെവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 
ഒരു കമ്പനിയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീലിനായി വിഡിയോ ഉപയോഗിക്കാനായിരുന്നു നീക്കമെന്ന് ജേക്കബ് സമ്മതിച്ചു. കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പരമാവധി 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.